Asianet News MalayalamAsianet News Malayalam

മാര്‍ക്ക് ദാന വിവാദം; എംജി യൂണിവേഴ്സിറ്റി പിവിസിയെ കെഎസ്‍യു പ്രവര്‍ത്തകര്‍ തടഞ്ഞു

ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ  ബിടെക് കോഴ്സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ചുവരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ് തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു

KSU workers protest against mg university pvc
Author
Kottayam, First Published Oct 15, 2019, 10:52 AM IST

കോട്ടയം: മാര്‍ക്ക് ദാന വിവാദത്തില്‍ എംജി യൂണിവേഴ്സിറ്റി പിവിസി അരവിന്ദ് കുമാറിനെ കെഎസ്‍യു പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്ത് കയറുകയും കവാടത്തില്‍ കുത്തിയിരിക്കുകയും ചെയ്തതോടെ ഓഫീസിനുള്ളില്‍ പിവിസിക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ പിവിസിയെ ഓഫീസിനുള്ളില്‍ കയറ്റുകയായിരുന്നു. പൊലീസ് കെഎസ്‍യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്.

എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കുട്ടി നൽകിയെന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു. 

ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചു. പിന്നാലെ ബിടെക് പരീക്ഷയിൽ ഏതെങ്കിലും സെമസ്റ്ററിനും ഏതെങ്കിലും ഒരു വിഷയം തോറ്റ കുട്ടികൾക്ക് പരമാവധി 5 മാർക്ക് വരെ നൽകാനും തീരുമാനിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. 

ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിടെക് കോഴ്സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ചുവരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ് തന്നെ വ്യക്തമാക്കിയിരുന്നു. മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റാണ്. സർക്കാരിനോ മന്ത്രിക്കോ അതിൽ ഇടപെടാനാകില്ല. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഇത് നടക്കുന്നുണ്ടെന്നും വിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios