കോഴിക്കോട്: വടകരയില്‍ മന്ത്രി കെ ടി ജലീലിനെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാന്‍റിന് സമീപമാണ് മന്ത്രിയെ തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. 14 കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കോളേജിന് മുന്നിലെ സംഘര്‍ഷമടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് പാളയത്തെ യൂണിവേഴ്‍സിറ്റിഹോസ്റ്റലിൽ പൊലീസ് മിന്നൽ റെയ്‍ഡ് നടത്തി. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്‍സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന്‍റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. 

മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാർ അകത്ത് കയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീർക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ, പിന്നിലെ ഗേറ്റിലൂടെ കന്‍റോൺമെന്‍റ് സിഐയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്ത വിദ്യാർത്ഥികളെ കണ്ടെത്തി പിടികൂടി. ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെയാണ് പൊലീസ് പുറത്തുകൊണ്ടുപോയതും. മുൻവശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാൽ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവർക്ക് മനസ്സിലായതുമില്ല. 

വെള്ളിയാഴ്ച യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. 

ആദ്യം ഹോസ്റ്റലിനകത്ത് പൊലീസ് കയറിയില്ലെന്ന സൂചനയാണ് വന്നതെങ്കിലും പിന്നീട് ഹോസ്റ്റലിൽ കയറിത്തന്നെയാണ് പരിശോധന നടത്തിയതെന്ന് വ്യക്തമായി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ വ്യക്തമാക്കി.