Asianet News MalayalamAsianet News Malayalam

അദീബിന്‍റെ നിയമനം; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു, രേഖകൾ പുറത്ത്

ജലീലിൻ്റെ ബന്ധു അദീബിൻ്റെ നിയമനം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീൽ കർശന നിർദ്ദേശം നൽകിയതിൻ്റെ ഫയൽ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

kt adeeps appointment cm pinarayi vijayan also signed file out
Author
Thiruvananthapuram, First Published Apr 11, 2021, 12:19 PM IST

തിരുവനന്തപുരം: കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിൻ്റെ രേഖകൾ പുറത്ത്. ജലീലിൻ്റെ ബന്ധു അദീബിൻ്റെ നിയമനം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീൽ കർശന നിർദ്ദേശം നൽകിയതിൻ്റെ ഫയൽ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ അദീബിൻ്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥ‌ർ പല തവണ എതിർത്തിരുന്നു.

അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിൻ്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോൾ ജലീലിനെ പൂർണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിൻ്റെ നിർദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിച്ചു. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യത അദീബിൻ്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാൻ ജലീൽ നിർദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നു. ജനറൽ മാനേജർ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ആവശ്യമില്ലെന്ന് ഫയലിൽ എഴുതിയ ജലീൽ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു, 9-8-2016ൽ ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു. വ്യവസ്ഥകൾ മറികടന്നുള്ള നിയമനത്തെ പലതവണ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഫയലുകളിൽ വ്യക്തം. 

ആർബിഐ ഷെഡ്യൂൾ പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യബാങ്കായതിനാൽ മുമ്പ് നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷവകുപ്പിലെ അഡീഷനൽ സെക്രട്ടറി 28--9- 2018നെഴുതി. പിന്നാലെ വീണ്ടും ജലീൽ ഇടപെടൽ ഉണ്ടായി. സംസ്ഥാന ധനകാര്യവികസന കോർപ്പറേഷൻ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിൻ്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്ക് അനുമതി നൽകിയതിനാൽ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ 28-9-18ന്  ജലീലിൻ്റെ നിര്‍ദ്ദേശം. മന്ത്രി നിലപാട് കടുപ്പിച്ചതോടെ എതിർപ്പ് ഉയർത്തിയ ഉദ്യോഗസ്ഥർ പിൻവാങ്ങി. പിന്നാലെ അദീബിനറെ നിയമിച്ച് ഉത്തരവിറക്കി. നിയമന ഫയലിലെ ജലീലിൻ്റെ ഈ ഇടപെടലുകളടക്കം പരിശോധിച്ചാണ് ലോകായുക്ത സ്വജനപക്ഷപാതം നടന്നെന്നും മന്ത്രിയെ പുറത്താക്കണമെന്നുമുള്ള നിർണ്ണായക ഉത്തരവിറക്കാൻ കാരണം.

Follow Us:
Download App:
  • android
  • ios