സാദിഖലി തങ്ങള്‍ ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത് സഹിക്കാത്ത കുബുദ്ധികളാണ് തന്നെ ചാരി തങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത്. ഇത് മനസിലാക്കാനുള്ള വിവേകമൊക്കെ ലീഗ് സംസ്ഥാന അധ്യക്ഷനുണ്ടാകുമെന്നും ജലീല്‍.
മലപ്പുറം: 'സാദിഖലി തങ്ങള്‍ ഖാദി-ബക്രീദ് മേള ഉദ്ഘാടനം' വിഷയത്തിലെ പികെ ഫിറോസിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കെടി ജലീല്‍ രംഗത്ത്. തന്റെ എഫ്ബി പോസ്റ്റിനെതിരെ ലീഗിലെ കോണ്‍ലീഗുകാര്‍ രംഗത്ത് വന്നത് സ്വാഭാവികമാണെന്നും അക്കൂട്ടത്തില്‍ താനൂര്‍ 'തിരിച്ചുപിടിച്ച സിങ്കം' ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ജലീല്‍ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത് സഹിക്കാത്ത കുബുദ്ധികളാണ് തന്നെ ചാരി തങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത്. ഇത് മനസിലാക്കാനുള്ള വിവേകമൊക്കെ ലീഗ് സംസ്ഥാന അധ്യക്ഷനുണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.
കെടി ജലീലിന്റെ കുറിപ്പ്: ''ഖാദി-ബക്രീദ് മേളയും 'കോണ്‍ലീഗിന്റെ' പൊരിച്ചിലും. താനൂരില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി കോണി ചിഹ്നത്തില്‍ നിന്ന് തോല്‍ക്കാന്‍ അപാര കഴിവു തന്നെ വേണം. ലോകായുക്തയെ സ്വാധീനിച്ച പോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന സത്യം വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാകും ടിയാന് ബോദ്ധ്യമായിട്ടുണ്ടാവുക. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഖാദി-ബക്രീദ് മേള ഉല്‍ഘാടനം ചെയ്ത ഫോട്ടോ പങ്കുവെച്ച് ഞാനൊരു എഫ്ബി പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരായി ലീഗിലെ 'കോണ്‍ലീഗുകാര്‍' രംഗത്ത് വന്നത് സ്വാഭാവികം. അക്കൂട്ടത്തില്‍ താനൂര്‍ 'തിരിച്ചുപിടിച്ച സിങ്കം' ഉണ്ടാകും എന്ന് കരുതിയില്ല. ലീഗിലെ ഷാജി-മുനീര്‍ വിരുദ്ധ ചേരിയിലാണ് സിങ്കത്തിന്റെ നില്‍പ്പെന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്. കാര്യം കിട്ടിയാല്‍ തരാതരം പോലെ രണ്ട് തോണിയിലും കാലിട്ട് യാത്ര ചെയ്യാന്‍ ടിയാന്‍ മിടുക്കനാണെന്ന് ലീഗിനെ സ്‌നേഹിക്കുന്ന പലരും പറഞ്ഞു കേട്ടതോര്‍ക്കുന്നു. സാദിഖലി തങ്ങള്‍ ഖാദി-ബക്രീദ് മേള ഉത്ഘാടനം ചെയ്തത് സഹിക്കാത്ത കുബുദ്ധികളാണ് എന്നെച്ചാരി തങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകമൊക്കെ ലീഗ് സംസ്ഥാന അദ്ധ്യക്ഷനുണ്ടാകും. ഇക്കണക്കിന് പോയാല്‍ സ്വന്തം മണ്ഡലമായ കുന്ദമംഗലത്ത് അടുത്ത പ്രാവശ്യം മല്‍സരിച്ച് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ 'ചരമമടയേണ്ട' ദുര്‍ഗതിയാകും താനൂരില്‍ 'കിളിപോയ' യുവസിങ്കത്തിനുണ്ടാവുക. സംശയമുള്ളവര്‍ക്ക് എഴുതി വെക്കാം.''
ഖാദി ബക്രീദ് മേളയുടെ ഉദ്ഘാടനത്തിന് സാദിഖലി തങ്ങളെ ക്ഷണിച്ച നടപടി മാതൃകാപരമാണെന്നും യുഡിഎഫ് ഭരിക്കുമ്പോള്‍ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി ലീഗ് അധ്യക്ഷന്മാരെ വിളിച്ചത് ഓര്‍മ്മയിലില്ലെന്നും പറഞ്ഞ് കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സര്‍ക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവര്‍ക്കും സാദിഖലി തങ്ങള്‍ നല്‍കുന്ന മികച്ച സന്ദേശമാണിത്. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വര്‍ത്ഥമാക്കിയ തങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും കോണ്‍ഗ്രസ് ഇത് കണ്ട് പഠിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
ആ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പികെ ഫിറോസ് രംഗത്തെത്തിയത്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ലെന്ന് ഫിറോസ് പറഞ്ഞു. ഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാല്‍ പങ്കെടുക്കാമെന്ന് കരുതാനേ പാണക്കാട് തങ്ങന്‍മാര്‍ക്ക് കഴിയൂ. അതുകൊണ്ടാണ് മതപണ്ഡിതരുടെ തലപ്പാവടക്കം ഖാദിയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണമെന്ന് തങ്ങള്‍ പ്രസംഗിച്ചതെന്നും ഫിറോസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ജലീല്‍ രംഗത്തെത്തിയത്.
അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്; ജലീലിനെതിരെ പികെ ഫിറോസ്
ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം...

