Asianet News MalayalamAsianet News Malayalam

ചോദ്യംചെയ്യൽ പൂര്‍ത്തിയായി, ജലീല്‍ പുറത്തിറങ്ങി

ചോദ്യംചെയ്യൽ പൂര്‍ത്തിയായി, ജലീല്‍ പുറത്തിറങ്ങി

kt jaleel being questioned at nia office in kochi
Author
Kochi, First Published Sep 17, 2020, 11:13 AM IST

കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ അവസാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ ടി ജലീൽ സ്വീകരിച്ചത് വിചിത്രവഴിയാണ്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തിൽ പുറപ്പെട്ട മന്ത്രി കെ ടി ജലീൽ, പുലർച്ചെ ഒന്നരയോടെയാണ് സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിനെ ഒരു വണ്ടി വേണമെന്നാവശ്യപ്പെട്ട് വിളിക്കുന്നത്. മന്ത്രിയെ എൻഐഎ  ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. 

നേരത്തേ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തോ എന്നത് സ്ഥിരീകരിക്കാൻ വിളിച്ച മാധ്യമപ്രവർത്തകരോട് ഇല്ല, നോട്ടീസ് പോലും കിട്ടിയിട്ടില്ല, രാവിലെ ഒരു മലയാളദിനപത്രത്തിൽ വന്ന വിവരം മാത്രമേയുള്ളൂ എന്ന് പറഞ്ഞതിന് സമാനമായിട്ടാണ് ഇവിടെയും ജലീൽ പ്രവർത്തിച്ചത്. എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ എൻഐഎ ഓഫീസിൽ ആരെങ്കിലും എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ എത്തി അവിടെ ഉദ്യോഗസ്ഥരെ കാത്തിരിക്കുകയായിരുന്നു ജലീൽ. സ്ഥലത്ത് അപ്പോഴും മാധ്യമപ്രവർത്തകരുണ്ടായിരുന്നു. അവിടെ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. 

മന്ത്രി പുലർച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ എം യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പുലർച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലർച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിൽ കയറി മന്ത്രി പുലർച്ചെ അഞ്ചരയോടെ എൻഐഎ ഓഫീസിലെത്തി. എൻഐഎ ഓഫീസിലുണ്ടായിരുന്ന സാധാരണ സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു. മന്ത്രി ഇത്ര നേരത്തേ വരുമെന്ന് അവർ കരുതിയിരുന്നില്ല. തുടർന്ന് എല്ലാവരും ഉണർന്ന് എത്തി, ഗേറ്റൊക്കെ തുറന്ന് മന്ത്രിയെ അകത്തേയ്ക്ക് വിളിക്കുന്നത് വരെ അദ്ദേഹം വണ്ടിയിൽത്തന്നെ ഇരുന്നു. അതിന് ശേഷം വണ്ടി അകത്തേയ്ക്ക് കയറ്റി അദ്ദേഹം എൻഐഎ ഓഫീസിലേക്ക് കയറിപ്പോകുമ്പോൾ, സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവ‍ർത്തകൻ 'മിനിസ്റ്റർ, എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. മന്ത്രി അത് ഗൗനിക്കാതെ നടന്നുപോയി. വാതിൽക്കൽ നിന്ന് കൈ സാനിറ്റൈസ് ചെയ്ത് വീണ്ടും അകത്തേയ്ക്ക്. 

അതിന് ശേഷം, ഉദ്യോഗസ്ഥരെത്തുന്നത് വരെ മന്ത്രി എൻഐഎ ഓഫീസിൽ കാത്തിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എൻഐഎ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലർച്ചെ എട്ടരയോടെ ചോദ്യം ചെയ്യൽ തുടങ്ങി.

ചോദ്യം ചെയ്യൽ ഓൺലൈനിലാക്കാൻ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എൻഐഎ ഉദ്യോഗസ്ഥർ നൽകിയെന്നാണ് സൂചന. അതേത്തുടർന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. പകൽ ചോദ്യം ചെയ്യലിനെത്തിയാൽ മാധ്യമങ്ങളുണ്ടാകുമെന്ന് കരുതിത്തന്നെയാണ് ജലീൽ അതിരാവിലെ, എൻഐഎ ഓഫീസ് ഉണരും മുമ്പ് തന്നെ ഓഫീസിലെത്തിയതും, ചോദ്യം ചെയ്യലിന് ഹാജരായതും. 

ഇന്നലെ രാത്രി എൻഫോഴ്സ്മെന്‍റ് ഓഫീസിൽ എൻഐഎ സംഘമെത്തി ജലീലിന്‍റെ മൊഴി പരിശോധിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 7.30-നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് വിവരം. യുഎഇയിൽ നിന്ന് ഖുർആൻ എത്തിച്ചത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണക്കുറിപ്പ് എഴുതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്യൽ തുടർന്നതെന്നും കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ, ചെന്നൈയിൽ നിന്ന് ബുധനാഴ്ച വൈകിട്ടോടെ എൻഫോഴ്സ്മെന്‍റ് സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ കൊച്ചിയിലെത്തിയിട്ടുണ്ട്. എന്നാലിത് രണ്ട് മാസം കൂടുമ്പോഴുള്ള പതിവ് സന്ദർശനമാണെന്നും സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ വിലയിരുത്തിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അഭിഭാഷകരുമായിട്ടടക്കം അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 

സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എൻഐഎ പോലുള്ള ഒരു കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios