മലപ്പുറം: സമസ്തയുടെ മാസികയായ സത്യധാരയില്‍ മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ടി ജലീലിന്‍റെ അഭിമുഖം. അടുത്തകാലത്തുണ്ടായ ചില വിഷയങ്ങളെചൊല്ലി സമസ്ത - മുസ്ലീം ലീഗ് അഭിപ്രായ ഭിന്നതകള്‍ക്കിയയിലാണ് സത്യധാരയില്‍ കെ ടി ജലീലിന്‍റെ അഭിമുഖം വന്നതെന്നത് ശ്രദ്ധേയമാണ്.

തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍  വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗുണ്ടാക്കിയ നീക്കുപോക്ക് സമസ്തയെ പ്രകോപിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പര്യടനത്തില്‍ കോഴിക്കോട് മുസ്ലീം ലീഗിന്‍റെ താത്പര്യത്തിനു വിരുദ്ധമായി സമസ്തയുടെ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. മാത്രവുമല്ല സമസ്തയുടെ മുതര്‍ന്ന നേതാവ് ഉമര്‍ ഫൈസി മുക്കം സര്‍ക്കാരിനേയും പിണറായി വിജയനേയും അഭിനന്ദിക്കുക കൂടി ചെയ്തതതോടെ ലീഗ്- സമസ്ത തര്‍ക്കം രൂക്ഷമായി. 

മുഖ്യമന്ത്രി വിളിച്ച മലപ്പുറത്തെ യോഗത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിൻമാറേണ്ടിവന്നു. ഈ വിവാദങ്ങള്‍ക്കിടയാണ് മുസ്ലീം ലീഗിന്‍റെ കടുത്ത ശത്രുവായ കെ ടി ജലീലിന്‍റെ അഭിമുഖം സത്യധാരയില്‍ വരുന്നത്. അഭിമുഖത്തില്‍ മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് കെ ടി ജലീല്‍ ഉന്നയിച്ചിട്ടുള്ളത്. മുസ്ലീം ലീഗിന് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപെട്ടെന്ന് അഭിമുഖത്തില്‍ ജലീല്‍ പറയുന്നു. 

മുസ്ലീം ലീഗിനെ വിമര്‍ശിക്കുമ്പോള്‍ ഇസ്ലാമോഫോബിയ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെ തോന്നുന്നുവെങ്കില്‍ പാര്‍ട്ടിയുടെ പേരില്‍ നിന്ന് മു്സലീം എന്ന പദം ഒഴിവാക്കുകയാണ് ലീഗ് ചെയ്യേണ്ടത്. മുസ്ലീം ലീഗിനെ ചത്ത കുതിര എന്ന് നെഹ്റു പണ്ട് പറഞ്ഞപ്പോള്‍ അത് ഇസ്ലാമിനെതിരാണെന്ന് ആരും പറഞ്ഞിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവിനേയും കെ ടി ജലീല്‍ അഭിമുഖത്തില്‍ കളിയാക്കുന്നുണ്ട്.

ഇതിനിടെ മുസ്ലീം ലീഗ് നേതാവ് മായിൻഹാജി സമസ്തക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സമസ്തയുടെ സമിതി മലപ്പുറത്ത് യോഗം ചേര്‍ന്നു. യോഗത്തിലേക്ക് മായിൻ ഹാജിയേയും നേതാക്കള്‍ വിളിച്ചു വരുത്തി. ജമാഅത്തെ ഇസ്ലാമിയുടെ ആഴ്ച്ച പതിപ്പില്‍ സമസ്ത നേതാവ് സമദ് പൂക്കോട്ടൂരും അഭിമുഖം നല്‍കിയിട്ടുണ്ട്. മറ്റുള്ളവരുടെ അജണ്ടകളില്‍ വീണ് മുസ്ലീം സമൂഹം ഭിന്നിക്കരുതെന്നാണ് സമദ് പൂക്കോട്ടൂര്‍ അഭിമുഖത്തില്‍  പറയുന്നത്.