സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ലെന്നും ജലീല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ (Swapna Suresh) വന്‍ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍ (K T Jaleel). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. തന്‍റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേയെന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയുമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു. കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞത്.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. 
എന്തൊക്കെയായിരുന്നു പുകിൽ? 
എന്‍റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. 
സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. 
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ? 
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!