Asianet News MalayalamAsianet News Malayalam

കലാലയങ്ങളിൽ സമരം വിലക്കിയ ഉത്തരവ് ജനാധിപത്യത്തെ ബാധിക്കുന്നത്, സർക്കാർ അപ്പീൽ നൽകുമെന്ന് ജലീൽ

യൂണിയൻ പ്രവർത്തനം സാധൂകരിച്ച് സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് കോടതി ഇടപെടൽ.

kt jaleel respond about high court verdict in student politics and strikes
Author
Thiruvananthapuram, First Published Feb 27, 2020, 7:02 AM IST

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഒരു സമരങ്ങളും പാടില്ലെന്ന വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്ന് മന്ത്രി കെ ടി ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യൂണിയൻ പ്രവർത്തനം സാധൂകരിച്ച് സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് കോടതി ഇടപെടൽ.

കലാലയ രാഷ്ട്രീയത്തിനെതിരെ നേരത്തെയും പല കോടതി വിധികളുണ്ട്. സമരങ്ങളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കുമ്പോൾ വിദ്യാർത്ഥി സംഘനടകൾ മാത്രമല്ല വെട്ടിലായത്. കലാലയങ്ങളിലെ രാഷ്ട്രീയവും യൂണിയൻ പ്രവർത്തനവും നിയമവിധേയമാക്കാൻ ഒരുങ്ങുന്ന സർക്കാറിനും ഇത് തിരിച്ചടിയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓർഡിനൻസിൻറെ കരട് നിയമവകുപ്പിൻറെ പരിഗണനയിലാണ്.

പ്രതിപക്ഷനേതാവും വിവിധ വിദ്യാർത്ഥി സംഘടനകളും സർക്കാർ അപ്പീൽ പോകണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ സാഹചര്യത്തിൽ അപ്പീലിൽ തീരുമാനമായ ശേഷമേ സർക്കാറിന് ഓർ‍ഡിനൻസ് ഇറക്കാനാകൂ. നേരത്തെ ചില സ്വാശ്രയ കോളേജുകളിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കലാലയ രാഷ്ട്രീയം ആവശ്യമാണെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഓർ‍‍ഡിനൻസ് ഇറക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചില കോളേജ് മാനേജ്മെൻറുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios