ദില്ലി: മന്ത്രി കെടി ജലീൽ നയതന്ത്ര ഉദ്യോഗസ്ഥരുമായി അനൗദ്യോഗിക ഇടപെടൽ നടത്തിയത് അനുചിതമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. മന്ത്രിമാർ ഈ വിഷയത്തിൽ പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്. ധനസഹായം ഉൾപ്പടെ വിഷയങ്ങളിൽ മന്ത്രിമാർ ഇടപെടുന്നത് പ്രോട്ടോക്കോൾ മര്യാദകളുടെ ലംഘനമാണ്. കോൺസുലേറ്റിലെ സാധാരണ ഉദ്യോഗസ്ഥരോട് മന്ത്രിമാർ നിരന്തരം സംസാരിക്കുന്നതും പ്രോട്ടോക്കോളിന് വിരുദ്ധമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് തേടിയിരുന്നെങ്കിലും ഇത് ലഭിച്ചില്ല. പെരുന്നാൾ കിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലുമായി സംസാരിച്ചിരുന്നുവെന്നാണ് മന്ത്രി കെടി ജലീൽ നേരത്തെ പറഞ്ഞിരുന്നത്. സ്വപ്ന സുരേഷുമായി ഫോണിൽ സംസാരിച്ചത് യുഎഇ കോൺസുൽ ജനറൽ പറഞ്ഞിട്ടാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ ഫോൺ കോൾ ലിസ്റ്റിൽ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിന്റെയും നമ്പറുകൾ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സംസ്ഥാനത്തെ മന്ത്രിമാർ ഇത്തരത്തിൽ കോൺസുലേറ്റ് ജനറലുമായോ ജീവനക്കാരുമായോ വാട്സ്ആപ്പ് വഴിയും മറ്റും ആശയവിനിമയം നടത്തുന്നത് അനുചിതമാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞത്. കേന്ദ്രസർക്കാരാണ് ഇത്തരത്തിൽ മറ്റൊരു രാജ്യവുമായി ആശയവിനിമയം നടത്തേണ്ടത്. സംസ്ഥാന സർക്കാരിന് നേരിട്ട് ആശയവിനിമയം നടത്താം. എന്നാൽ അത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോൾ പാലിക്കണമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.