നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നല്‍കാത്ത സര്‍ക്കാര്‍ കടമെടുത്ത വകയില്‍ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി. ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതിന് തൊട്ടു പിന്നാലെയാണ് ഉത്തരവിറങ്ങിയത്.

തിരുവനന്തപുരം: കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്. നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നല്‍കാത്ത സര്‍ക്കാര്‍ കടമെടുത്ത വകയില്‍ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി. ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതിന് തൊട്ടു പിന്നാലെയാണ് ഉത്തരവിറങ്ങിയത്.

പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നായി കെടിഡിഎഫ്സി വായ്പയെടുത്തത് 2018 ലാണ്. ഈ വകയിലുള്ള മൂന്നൂറ്റി അമ്പത് കോടി രൂപയ്ക്ക് ഗ്യാരണ്ടി നിന്നത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ 2019 ല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി കാലഹരണപ്പെട്ടു. കേരള ബാങ്ക് രൂപീകരിച്ചതിന് ശേഷം നിഷ്ക്രിയ ആസ്തിയായി കണക്കാക്കിപ്പോന്ന വായ്പാ തുകയ്ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഗ്യാരണ്ടി പുതുക്കിയത്. ഗതാഗത സെക്രട്ടറി കൂടിയായ ബിജു പ്രഭാകര്‍ ഒപ്പിട്ട ഉത്തരവില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ വരെയാണ് കടമെടുത്ത തുകയ്ക്കുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി നീട്ടിയത്. കേരളാ ബാങ്ക് സര്‍ക്കാരിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്. 

അതേസമയം തിരിച്ചടവിന് നിവൃത്തിയില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി വരുത്തിവച്ച സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത്, കേരളാ ബാങ്കിന് തിരിച്ചടയ്ക്കണമെന്ന കെടിഡിഎഫ്സി സിഎംഡിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കെടിഡിഎഫ്സിയില്‍ സ്ഥിരനിക്ഷേപം നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണം തിരിച്ചുകിട്ടാത്ത സാഹചര്യത്തില്‍ കോടതിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിക്ഷേപത്തിന് ഗ്യാരണ്ടി നല്‍കിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.