Asianet News MalayalamAsianet News Malayalam

കെടിഡിഎഫ്സി പൂട്ടലിന്‍റെ വക്കിൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷം, നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കുന്നില്ല

580 കോടിയോളം രൂപയാണ്   പൊതുജന നിക്ഷപമായുള്ളത്. ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്

ktdfc in  deep financial crisis
Author
First Published Sep 28, 2023, 8:16 AM IST

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിന്‍റെ വക്കില്‍. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടമായേക്കും. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചു നല്‍കാനില്ലാതെ കുഴയുകയാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികള്‍ സ്ഥിര നിക്ഷേപമിട്ടവര്‍ കുടുങ്ങി. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും തന്നെ പണം  തിരിച്ചുനല്‍കാന്‍ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരുമാനമില്ല. കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവും മുടക്കിയതോടെ സ്ഥാപനം പൂട്ടേണ്ട അവസ്ഥയാണ്.

 

580 കോടിയോളം രൂപയാണ് ഈ ധനകാര്യസ്ഥാപനത്തില്‍ പൊതുജന നിക്ഷേപമായുള്ളത്. ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും, ഒന്നും നടന്നില്ല. കെടിഡിഎഫ്സി കൈമലര്‍ത്തിയതോടെ ചില വന്‍കിട നിക്ഷേപകര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഗതാഗതമന്ത്രി ആന്‍റണി രാജുവും തിരിഞ്ഞുനോക്കുന്നില്ല.

സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്താണ് കെഎസ്ആര്‍ടിസിക്ക് കെടിഡിഎഫ്സി വായ്പ നല്‍കിയിരുന്നത്. പിഴപ്പലിശ ഉള്‍പ്പടെ കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുളളത് 700 കോടിയിലേറെ. ഫലത്തില്‍ കേരളാ ബാങ്കിനെയും  ബാധിക്കുമെന്ന അവസ്ഥയിലായി. സർക്കാർ നിർദ്ദേശപ്രകാരം 350 കോടി രൂപയുടെ  വായ്പകളാണ് കെടിഡിഎഫ്സിക്ക് നല്‍കിയത്. നിയമം അനുശാസിക്കുന്ന കരുതൽ കേരള ബാങ്ക് വച്ചിട്ടുണ്ടെന്നും  ബാങ്കിനെ ബാധിക്കില്ലെന്നുമാണ് കേരള ബാങ്ക് പ്രസിഡന്‍റ്  ഗോപി കോട്ടമുറിയ്ക്കൽ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios