തിരുവനന്തപുരം: കൊവിഡ് 19ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ വീടിനുള്ളില്‍ രോഗങ്ങളും മാനസിക ബുദ്ധിമുട്ടുകളും മൂലം പ്രയാസമനുഭവിക്കുന്ന വയോജനങ്ങളുടെ ക്ഷേമത്തിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍. ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള വിളികള്‍ ഇനി വയോജനങ്ങളെ തേടിയെത്തും. ആദ്യഘട്ടത്തില്‍ 1,20,000 പേരെ വിളിക്കും. ഇതിനായി 50 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

മൂന്നു ദിവസത്തെ ഇടവേളയില്‍ മൂന്നു തവണ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികള്‍ ഉറപ്പു വരുത്തും. മരുന്നുകള്‍ ആവശ്യമെങ്കില്‍ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും. ഈ സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിന് അതീവ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

കോവിഡ്- 19 പകർച്ചവ്യാധി മൂലമുണ്ടായ ഈ പ്രത്യേക സാഹചര്യത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആളുകൾ പ്രായമേറിയവർ ആയിരിക്കും. പ്രത്യേകിച്ചും അവരിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവർ. പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കു പുറമേ, ലോക്ഡൗണും, രോഗവുമായി ബന്ധപ്പെട്ട വാർത്തകളും ഉണ്ടാക്കുന്ന ആശങ്കകളും മനപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം.

ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി സർക്കാർ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു. ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള വിളികൾ ഇനി വയോജനങ്ങളെ തേടിയെത്തും. ആദ്യഘട്ടത്തിൽ 1,20,000 പേരെ വിളിക്കും. ഇതിനായി 50 പേർക്ക് ഒരാൾ എന്ന നിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്.

മൂന്നു ദിവസത്തെ ഇടവേളയിൽ മൂന്നു തവണ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികൾ ഉറപ്പു വരുത്തും. മരുന്നുകൾ ആവശ്യമെങ്കിൽ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും.

ഈ സാഹചര്യത്തിൽ അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് അതീവ പ്രാധാന്യം നൽകും. അവർക്കു പറയാനുള്ളത് ക്ഷമയോടെ കേൾക്കുകയും, അവർക്ക് ആശ്വാസം നൽകുന്നതിനു ശ്രമിക്കുകയും ചെയ്യും. അവരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക