തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരുപക്ഷേ ഏറ്റവും വലിയ വിജയം നേടിയത് കുടുംബശ്രീയാണെന്ന് 
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ. ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരിൽ 7071 പേർ കുടുംബശ്രീയിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ കുടുംബശ്രീ അം​ഗങ്ങളായ 16,965 പേരാണ് ആകെ മത്സരിച്ചത്. ഇതിൽ 7071 പേർ വിജയിക്കുകയും ചെയ്തു. ഓരോ ജില്ലയിൽനിന്നും മത്സരിച്ചവരുടെയും ജയിച്ച കുടുംബശ്രീ അം​ഗങ്ങളുടെയും എണ്ണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ഹരി കിഷോറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം Making an Impact ലേഖന പരമ്പര ഞങ്ങള്‍ പുനരാരംഭിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഇന്ന് എല്ലാ ജനപ്രതിനിധികളും സ്ഥാനമേറ്റിരിക്കുകയാണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏവര്‍ക്കും ആശംസകള്‍ നേരുന്നതിനൊപ്പം വിജയിച്ചവര്‍ക്ക് പ്രാദേശിക വികസനം സാധ്യമാക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും ആശംസിക്കുന്നു. 
  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരുപക്ഷേ ഏറ്റവും വലിയ വിജയം നേടിയത് കുടുംബശ്രീ ആയിരുന്നുവെന്ന് പറയാം. കുടുംബശ്രീ അംഗങ്ങളായ 16,965 പേരാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതില്‍ 7071 പേര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 21,865* മെമ്പര്‍മാര്‍/കൗണ്‍സിലര്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതില്‍ മൂന്നിലൊന്നോളം കുടുംബശ്രീ അംഗങ്ങളാണെന്നുള്ളത് ബൃഹത്തായ നേട്ടം തന്നെയാണ്. സ്ത്രീശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമായി ഇതിനെ കാണാനാകും. 
ജനങ്ങളുടെ ഇടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്ത്, അതുവഴി ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമുള്ള കഴിവ്, കുടുംബശ്രീയുടെ പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ചുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കാന്‍ നേതൃത്വം കൊടുക്കുന്നതിലൂടെയും ഇതിനായി ലഭിച്ച പരിശീലനത്തിലൂടെയും സര്‍ക്കാര്‍ പദ്ധതികളിലുള്ള അനുഭവസമ്പത്ത് എന്നിവയൊക്കെ കൊണ്ടാകാം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇത്രയേറെ അവസരങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ കാരണം. 
  തങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ ലഭിച്ച ജനപിന്തുണയും നേതൃപാടവവും അനുഭവസമ്പത്തും പ്രായോഗിക ജ്ഞാനവും പൊതുപ്രവര്‍ത്തനത്തിനുള്ള ആത്മവിശ്വാസവും നിസ്വാര്‍ത്ഥമായ സേവനം നടത്താനുള്ള സന്നദ്ധതയുമൊക്കെ ജനപ്രതിധികളായുള്ള പ്രവര്‍ത്തനത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതട്ടെ. മത്സരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകള്‍ നേരുന്നതിനൊപ്പം ജനസേവനത്തിന് ലഭിച്ച അവസരം വിജയികള്‍ മികച്ച രീതിയില്‍ വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യട്ടെ.  
  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെയും അതില്‍ വിജയിച്ചവരുടെയും വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. (ജില്ല, മത്സരിച്ചവര്‍, വിജയിച്ചവര്‍...എന്ന ക്രമത്തില്‍)
1. തിരുവനന്തപുരം - 1415 -547
2. കൊല്ലം - 1607 - 551
3. പത്തനംതിട്ട - 889 - 333
4. ആലപ്പുഴ - 1668 - 609
5. കോട്ടയം - 1279 - 457
6. ഇടുക്കി - 733 - 381
7. എറണാകുളം - 1918 - 656
8. തൃശ്ശൂര്‍ - 815 - 537
9. പാലക്കാട് - 1617 - 654
10. മലപ്പുറം - 1429 - 678
11. കോഴിക്കോട് - 1676 - 694
12. വയനാട് - 382 - 228
13. കണ്ണൂര്‍ - 1266 - 602
14. കാസര്‍ഗോഡ് - 171 -144 
ആകെ - 16,865 - 7071