കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പുറമെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ ആവശ്യപ്പെട്ടു. വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്നും പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസ് കൂടാതെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്ന് ആവശ്യം. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ വ്യക്തമാക്കി. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്നും പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. നിലവിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കുറ്റം ചുമത്തിയതെന്നാണ് സൂചന. ഇതോടൊപ്പം മറ്റു വകുപ്പുകൾ ചുമത്തണമെന്നാണ് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ആവശ്യപ്പെടുന്നത്. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിൽ എത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ എത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരൻ പ്രഥം ദുബൈ ആരോപിച്ചു. ഫർമാനെതിരായ കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്. അതേസമയം, പോക്സോ ചുമത്തിയതടക്കം വിഷയങ്ങളിൽ മധ്യപ്രദേശ് പൊലീസ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.