തുലാമാസ പൂജകൾക്കായി ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ഒരുക്കങ്ങൾ വിലയിരുത്തും. ഭക്തർക്കായി ശുചിമുറികൾ സൗജന്യമാക്കിയതിനൊപ്പം പൊലീസുകാരുടെ മെസ്സ് ഗ്രാൻ്റും വർധിപ്പിച്ചു.
തിരുവനന്തപുരം: തീര്ത്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും. രാവിലെ ഒന്പതിന് നിലക്കലില് എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്ത്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും. 10:30ന് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് നടക്കും. തുടര്ന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങള് പരിശോധിക്കും. അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്ശനം നടത്തും.
അതേസമയം, തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തുകഴിഞ്ഞു, ബുക്കിങ് ഇപ്പോഴും തുടരുകയാണ്.
ശബരിമല ഭക്തർക്കായുള്ള ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി ദേവസ്വം ബോർഡ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. സന്നിധാനത്തും പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളില് പണം വാങ്ങി ഏർപ്പെടുത്തിയിരുന്ന സൗകര്യങ്ങളാണ് സൗജന്യമാക്കിയത്. ശുചിമുറികളുടെ നിലവാരത്തെകുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികള് ഉയർന്നിരുന്ന സാഹചര്യത്തിലാണ് നടപടി. താല്പ്പര്യമുള്ള ഭക്തർക്ക് സംഭവനായി പണം നല്കാനും സൗകര്യമുണ്ടാകും. വിപ്ലവകരമായ തീരുമാനമെന്ന് പറഞ്ഞുകൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ പ്രഖ്യാപനം നടത്തിയത്. ഇതിനിടെ ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മെസ്സ് ഗ്രാന്റ് വർധിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കിയിരുന്നു. പ്രതിദിനം 79 രൂപയില് നിന്ന് 90 രൂപയാക്കി ആണ് വർധിപ്പിച്ചത്.


