തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് കൃഷ്ണദാസ് ഇന്ന് മുതൽ താമസം മാറും. നേമത്ത് കുമ്മനവും വീടെടുത്തിട്ടുണ്ട്. കെ.സുരേന്ദ്രൻ മത്സരിക്കുന്നതിൽ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഒരു മുഴം മുമ്പെ കളത്തിലിറങ്ങാനുള്ള പാർട്ടിനിർദ്ദേശപ്രകാരമാണ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവർ താമസം തന്നെ മണ്ഡലത്തിലേക്ക് മാറ്റിയത്. 2016 തെരഞ്ഞടുപ്പിന് ശേഷവും കൃഷ്ണദാസ് കാട്ടക്കടയിൽ സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് രാജഗോപാലിന് പകരക്കാരനായാണ് കുമ്മനം രാജശേഖരൻ എത്തുന്നത്. കരമനയ്ക്ക് സമീപത്തുള്ള വാടകവീടാണ് കുമ്മനത്തിനായി കണ്ടെത്തിയത്.

തദ്ദേശതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതത്തിൽ മുന്നിലെത്തിയ നേമം ബിജെപി നേതാക്കളെല്ലാം മോഹിക്കുന്ന സീറ്റാണ്. എന്നാൽ ആർഎസ്എസിൻ്റെ ശക്തമായ പിന്തുണയുടെ ബലത്തിൽ ഇവിടെ കുമ്മനം സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു.

മറ്റൊരു എ പ്ലസ് മണ്ഡലമായി ബിജെപി വിലയിരുത്തിയ വട്ടിയൂർകാവിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ വിവി രാജേഷിനാണ് സാധ്യത. തിരുവനന്തപുരം സെൻട്രലിൽ സുരേഷ് ഗോപി അല്ലെങ്കിൽ എസ് സുരേഷ് അല്ലെങ്കിൽ നടൻ കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. 

കഴിഞ്ഞതവണ വി മുരളീധരൻ ഇറങ്ങിയ കഴക്കൂട്ടത്ത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ പേര് പരിഗണിക്കുന്നു. പക്ഷെ സംസ്ഥാന പ്രസിഡണ്ട് മത്സരിക്കണമോ വേണ്ടയോ എന്നതിൽ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. കോഴിക്കോട് നോർത്തിൽ എംടി രമേശിനും മഞ്ചേശ്വരത്ത് ശ്രീകാന്തിനുമാണ് മുൻതൂക്കം. 

 പാലക്കാട്, തൃശ്ശൂർ സീറ്റുകളിലേക്ക് പാർട്ടി സന്ദീപ് വാര്യരെ പരിഗണിക്കുന്നു .പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ്റെ പേര് ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൻ്റേയും സാധ്യതാ പട്ടികയിൽ ഇല്ല. അടുത്തയാഴ്ച ദില്ലിയിൽ കേന്ദ്ര നേതൃത്വവുമായി ശോഭ ചർച്ച നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇരുപതിലേറെ എ പ്ലസ് മണ്ഡലങ്ങളിലെങ്കിലും സ്ഥാനാർത്ഥിയെ നിശ്ചയിച്ച് കളത്തിലിറങ്ങാനാണ് ബിജെപിയുടെ നീക്കം.