തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ ഗൃഹപാഠം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല. അതേസമയം സർക്കാർ കാലതാമസം വരുത്തുകയാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ കുടങ്ങിയ മലയാളികളുടെ അപകടത്തിന് കാണാമാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളം കാലതാമസം വരുത്തുന്നത് വലിയ അപകടത്തിനു കാരണമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ അതിർത്തികളിലെ സ്ഥിതി ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിർത്തിയിലുള്ളവരെ കൊണ്ടുവരാൻ കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തുന്നില്ല. മലയാളികൾക്ക് തിരികെ വരാനുള്ള പാസ് വിതരണം രണ്ട് ദിവസമായി മുടങ്ങി. ഇത് എന്തിനെന്ന് വ്യക്തമാക്കുന്നില്ല. ട്രെയിൻ സർവീസ് ഏർപ്പെടുത്തുമെന്ന് പത്ത് ദിവസമായി മുഖ്യമന്ത്രി പറയുന്നു, ഇതുവരെ നടപടിയായില്ല.

അതിർത്തികളിൽ പാസ്സുമായി ബന്ധപ്പെട്ട കാര്യത്തിന് ഉദ്യോഗസ്ഥരില്ല. ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമിച്ചത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് പണം നൽകിയത് ശരിയാണോയെന്ന് പരിശോധിക്കണം. ദേവസ്വം ബോർഡുകളെ സമ്മർദ്ദത്തിലാക്കി സർക്കാർ പണം വാങ്ങുകയാണ്. നിത്യച്ചിലവുകൾക്ക് പോലും ബോർഡുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണിത്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ കെപിസിസി ശ്രമം നടത്തുകയാണ്.

ഇതര സംസ്ഥാനത്തേക്കുള്ള പാസ് വിതരണം വൈകുന്നതിലും അവിടെ നിന്ന് ആളുകളെ നാട്ടിൽ എത്തിക്കുന്ന നടപടികളിലെ പോരായ്മയിലും പ്രതിഷേധിച്ച് എംപിമാരായ ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരും അനിൽ അക്കര എംഎൽഎയും തൃശൂർ കളക്ടറേറ്റിന് മുന്നിൽ ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് കുത്തിയിരിപ്പ് സമരം നടത്തും.