മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂർണ്ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകിയതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. ലീഗിന്‍റെ അഖിലേന്ത്യാ ചുമതലകൾ ഇ ടി മുഹമ്മദ് ബഷീറിന് നൽകി.  

വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും  കേരളാ കോൺഗ്രസ് വിഷയവും വിശദമായി ചർച്ച ചെയ്തുവെന്നും ഒരു മനസ്സോടെ യുഡിഎഫിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. വരാൻ പോകുന്ന തെരെഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും ലീഗ് വിലയിരുത്തി. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.