Asianet News MalayalamAsianet News Malayalam

കുറ്റ്യാടി പ്രതിഷേധത്തിൽ സിപിഎം നടപടി: കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കി

അന്വേഷണ കമ്മീഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 

kunhammedkutty mla dismissed from cpim district committee
Author
Kozhikode, First Published Jul 2, 2021, 9:37 AM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തിൽ ശക്തമായ തിരുത്തൽ നടപടിയുമായി സിപിഎം. പ്രതിഷേധത്തിന് ഒത്താശ നൽകിയെന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. കുറ്റ്യാടിയിൽ നടന്ന വിമത നീക്കത്തെപ്പറ്റി സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ചർച്ച നടന്നിരുന്നു. ഈ ച‍ർച്ചകൾക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. പാ‍ർട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകിയിട്ടുണ്ട്. 

പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തിൽ പാർട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 

അതേസമയം കെ.പി കുഞ്ഞമ്മദ് കുട്ടിക്കെതിരായ നടപടിയിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം അറിയിച്ചു. സംസ്ഥാന നേതൃത്വമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തീരുമാനമെടുത്താൽ അക്കാര്യം പാർട്ടി മാധ്യമങ്ങളെ അറിയിക്കുമെന്നും എളമരം കരീം പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വേരോട്ടമില്ലാത്ത കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന് കുറ്റ്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് കുറ്റ്യാടിയിൽ ആയിരങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റ്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവർ കുഞ്ഞമ്മദ് കുട്ടിയെ അവിടെ സിപിഎം സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടു നൽകാൻ മാണി വിഭാ​ഗം തീരുമാനിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിൻ്റെ പേര് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ ഇവിടെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ്റെ ഭാര്യയായ കെ.കെ.ലതികയായിരുന്നു 2011-ൽ കുറ്റ്യാടിയിൽ നിന്നും എൽഡിഎഫ് സ്ഥാനാ‍ത്ഥിയായി മത്സരിച്ചു ജയിച്ചത്. എന്നാൽ 2016-ൽ മുസ്ലീം ലീ​ഗിലെ പാറക്കൽ അബ്ദുള്ളയോടെ നേരിയ ഭൂരിപക്ഷത്തിന് അവ‍ർ പരാജയപ്പെട്ടു. ശക്തികേന്ദ്രത്തിൽ ലതികയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പാർട്ടിക്കുള്ളിലെ അഭ്യന്തരപ്രശ്നങ്ങളാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. അന്നു മുതൽ നിലനിന്ന അസ്വരാസ്യങ്ങളാണ് 2021ലെ സ്ഥാനാ‍ർത്ഥി നിർണയത്തിനിടെ വലിയ പ്രതിഷേധമായി പുറത്തു വന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios