Asianet News MalayalamAsianet News Malayalam

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവായ പ്രതിക്ക് ജാമ്യം

കേസിൽ പോക്സോ ഉൾപ്പെടുത്താതെയുള്ള ഭാഗിക കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. 

kuniyil padmarajan got bail on sexual abuse
Author
Kannur, First Published Jul 16, 2020, 5:45 PM IST

കണ്ണൂര്‍: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന്  ജാമ്യം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ്  തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയും രണ്ട് ആൾജാമ്യവും വേണം.  കേസിൽ പോക്സോ ഉൾപെടുത്താത്ത ഭാഗിക കുറ്റപത്രം രണ്ട് ദിവസം മുൻപ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിരുന്നു. 

ജെജെ ആക്ട് പ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങളിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദമായ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ്  പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. 

ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഭാഗിക കുറ്റപത്രം നൽകിയത്. കുട്ടിയെ അധ്യാപകൻ സ്കൂളിൽ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പത്മരാജനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. സമാനമായി 4 കുട്ടികളെ അധ്യാപകൻ മർദിച്ചതായും കുറ്റപത്രത്തിലുണ്ട്.
 

Follow Us:
Download App:
  • android
  • ios