വയനാട് മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞത് വന മേഖലയിൽ നിന്നാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു. തുരങ്ക പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി മണ്ണ് എടുത്തിട്ട ഭാഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും കുഞ്ചു പറയുന്നു.
മേപ്പാടി: വയനാട് മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞത് വന മേഖലയിൽ നിന്നാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു. തുരങ്ക പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി മണ്ണ് എടുത്തിട്ട ഭാഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും തുരങ്കപാതയുടെ നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നുവെന്നും കുഞ്ചു പറയുന്നു.
സ്ഥലത്ത് നിരീക്ഷണത്തിന് വന്നിരുന്നവരാണ് ഉണ്ടായിരുന്നത്. കൺസ്ട്രക്ഷൻ എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ തുടങ്ങിയവരെ കാണാനില്ല. താൻ ചായ കുടിച്ചതിൻ്റെ പൈസ കൊടുത്തില്ലായിരുന്നു. അത് കൊടുക്കാൻ വേണ്ടി തിരിച്ച് ചായക്കടയിലേക്ക് പോകുന്ന സമയത്ത് ആണ് മണ്ണിടിഞ്ഞത്. ആ സമയത്ത് പ്രദേശത്ത് 15 ഓളം ആളുകൾ ഉണ്ടായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ തന്നെ പലരും പല സ്ഥലങ്ങളിലേക്ക് ഓടി. കമ്പനിയുടെ ഓഫീസ് പരിസരത്തേക്കും കുറെ ആളുകൾ ഓടിക്കയറിയെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾ പറഞ്ഞു.
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.



