മകൾക്ക് പലഹാരപ്പൊതിയുമായി എത്തി, അകന്നു കഴിയുന്ന ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി: അനാഥയായി 11 കാരി
കടുത്ത മദ്യപാനിയായിരുന്നു വേണു. ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ ദാമ്പത്യ ബന്ധത്തെ ബാധിച്ചു

പത്തനംതിട്ട: കുന്നന്താനം പാലയ്ക്കാത്തകിടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അനാഥയായി 11 കാരിയായ മകൾ. രാവിലെ ഏഴരയോടെ മകളെ കാണാനെന്ന പേരിൽ പലഹാരപ്പൊതിയുമായാണ് പ്രതി വേണു താനുമായി അകന്നുകഴിയുന്ന ശ്രീജയുടെ കുടുംബവീട്ടിലെത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായ ശേഷമാണ് 11 കാരിയായ മകൾ നോക്കിനിൽക്കെ കത്തി കൊണ്ട് ശ്രീജയുടെ കഴുത്തിൽ വേണു കുത്തിയത്. പിന്നാലെ ഇയാൾ സ്വന്തം കഴുത്തറുത്തു. ആശുപത്രിയിലെത്തും മുൻപ് വേണുവും ആശുപത്രിയിലെത്തിയ ശേഷം ശ്രീജയും മരിച്ചു.
ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കടുത്ത മദ്യപാനിയായിരുന്നു വേണു. ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ ദാമ്പത്യ ബന്ധത്തെ ബാധിച്ചു. വേണുവിനൊപ്പം ജീവിക്കാനില്ലെന്ന് നിലപാടെടുത്ത് ശ്രീജ തന്റെ കുടുംബവീട്ടിലേക്ക് മകളുമൊത്ത് താമസം മാറുകയായിരുന്നു. ബന്ധുക്കൾ ഇവർ തമ്മിലെ തർക്കം പരിഹരിക്കാൻ ഇടപെട്ടിരുന്നെങ്കിലും ശ്രീജ ഇനി ഒപ്പം ജീവിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.
ഇന്ന് രാവിലെ ശ്രീജയുടെ കുടുംബ വീട്ടിൽ വച്ചാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. ഉടൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വേണുവിനെയും ശ്രീജയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് വേണു മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജയും മരിച്ചു. വേണുക്കുട്ടനെന്ന വേണു വിദേശത്താണ് ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുൻപാണ് ഇയാൾ തിരികെ നാട്ടിലെത്തിയത്. ഇരുവർക്കുമിടയിലെ തർക്കം പരിഹരിക്കാൻ രണ്ടാഴ്ച മുൻപും ബന്ധുക്കൾ ശ്രമിച്ചിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീജ.