കുന്നത്തുനാട്ടിലെ വയൽ നികത്താൻ നൽകിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം. റവന്യൂ മന്ത്രിയാണ് ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകിയത്
തിരുവനന്തപുരം: എറണാകുളം കുന്നത്തുനാട് വില്ലേജിൽ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് വയൽ നികത്താൻ നല്‍കിയ അനുമതി മരവിപ്പിക്കാൻ തീരുമാനം. റവന്യൂ അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനാണ് റവന്യൂ മന്ത്രിയുടെ നിർദ്ദേശം. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് റവന്യു മന്ത്രി നിര്‍ദേശം നല്‍കിയത്. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച് അഡീഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടാനും റവന്യു വകുപ്പ് തീരുമാനിച്ചു.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം നികത്താൻ കളക്ടറുടെ ഉത്തരവ് മറികടന്ന് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരി 31നായിരുന്നു സ്ഥലമുടമകള്‍ക്ക് അനുകൂലമായി റവന്യു അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് അടിയന്തരമായി മരവിപ്പിക്കാൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കും. ഈ വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും വിധി ന്യായങ്ങളും പരിശോധിക്കാനും തീരുമാനമായി. സംഭവം വിവാദമായതോടെ ഫയലുകള്‍ വിളിച്ചു വരുത്തിയ റവന്യു മന്ത്രി വിശദമായ നിയമോപദേശം തേടിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദേശം നല്‍കിയത്.
2005ലാണ് സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ വയല്‍ നികത്താൻ അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ കലക്ടര്‍ അപേക്ഷ തള്ളി. തുടര്‍ന്ന് 2006 ല്‍ ലാന്‍ഡ് റവന്യു കമ്മീഷണറില്‍ നിന്ന് വയല്‍ നികത്താൻ അനുകൂല ഉത്തരവ് കമ്പനി നേടി. എന്നാല്‍ 2008 ല്‍ നെയല്‍ വയല്‍ സംരക്ഷണ നിയമം നിലവില്‍ വന്നതോടെ കമ്പനി നികത്താതെ അവശേഷിപ്പിച്ച ഭൂമി ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടു. ഈ ഭൂമി നികത്താൻ അനുമതി തേടി കമ്പനി വീണ്ടും ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ കലക്ടര്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് കമ്പനി റവന്യുസെക്രട്ടറിക്ക് അപ്പീല്‍ നല്‍കി.ഈ അപ്പീലിന്മേലാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന പി എച്ച് കുര്യൻ സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുമ്പ് നികത്താൻ അനുമതി നല്‍കിയത്. ഈ നടപടി തെറ്റാണെന്ന് കണ്ടെത്തിയാണ് ഉത്തരവ് മരവിപ്പിക്കാൻ മന്ത്രി ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്.
