Asianet News MalayalamAsianet News Malayalam

മലമുകളില്‍ ചതുപ്പ് നിറഞ്ഞ തടാകം; ദുരന്തഭീഷണിയില്‍ കുറിച്യര്‍മല

മഴയിലും മണ്ണൊലിപ്പിലും അടര്‍ന്നുവീഴാവുന്ന പാറക്കെട്ടുകള്‍ക്കു പുറമേ മലമുകളില്‍ ചതുപ്പ് നിറഞ്ഞ തടാകം കൂടിയുള്ളത് ഗുരുതരഭീഷണിയാണ്.

kurichyarmala in wayanad is in danger
Author
Wayanad, First Published Aug 15, 2019, 2:40 PM IST

വയനാട്: ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന  നിലയിലാണ് വയനാട്ടിലെ കുറിച്യര്‍മല. കഴിഞ്ഞവര്‍ഷവും ദിവസങ്ങള്‍ക്കു മുമ്പും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ കുറിച്യര്‍മലയെ കാര്യമായി ബാധിച്ചിരുന്നു. ശേഷിക്കുന്ന ഭാഗത്തിന് ഭീഷണിയായി മലമുകളില്‍ ഒരു തടാകം കൂടിയുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മലയുടെ താഴ്‍വാരത്ത് ഇരുന്നൂറ്റിയമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം.

മഴയിലും മണ്ണൊലിപ്പിലും അടര്‍ന്നുവീഴാവുന്ന പാറക്കെട്ടുകള്‍ക്കു പുറമേ മലമുകളില്‍ ചതുപ്പ് നിറഞ്ഞ തടാകം കൂടിയുള്ളത് ഗുരുതരഭീഷണിയാണെന്നാണ് മണ്ണുസംരക്ഷണവകുപ്പും വനംവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനക്ക് ശേഷം പുറത്തുവരുന്ന വിവരം. മലമുകളിലെ ഇടുക്കുകളില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ് ഇത്തരം ജലാശയം. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏതാനും ചുവടുകള്‍ മാത്രം അകലെയാണ് ഈ തടാകമുള്ളത്. 

ഉരുള്‍പൊട്ടലിന്‍റെ ഭാഗമായുണ്ടായ വിള്ളല്‍ തടാകത്തിനടുത്തെത്തി എന്നാണ് മണ്ണുസംരക്ഷണവകുപ്പ് പറയുന്നത്. കനത്ത മഴയുണ്ടാകുകയും വിള്ളല്‍ വലുതാകുകയും ചെയ്താല്‍ വലിയ ദുരന്തമാണ് സംഭവിക്കുക. മലവെള്ളത്തിനൊപ്പം തടാകത്തിലെ വെള്ളവും കല്ലും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയാല്‍ ദുരന്തം പ്രവചനാതീതമാകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തും. കുറിച്യര്‍മലയും പരിസരപ്രദേശങ്ങളും വാസയോഗ്യമാണോ അല്ലയോ എന്ന് അതിനു ശേഷമേ പറയാനാകൂ. 

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് കുറിച്യര്‍മല. വൈത്തിരി- തരുവണ റോഡില്‍ പൊഴുതനക്ക് സമീപം ആറാംമൈലില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലമുള്ളത്. 

Follow Us:
Download App:
  • android
  • ios