കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു
കൊച്ചി: കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കുരുമുളക് സ്പ്രേ പ്രയോഗമാണ് പരിക്കിന് കാരണമായതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. യാക്കോബായ വിഭാഗത്തിലെ നാല് പേരെയും ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. എബിൻ ഏബ്രഹാം ഉൾപ്പെടെ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. ഇത്തവണ പള്ളിയിലെ പെരുന്നാൾ ചടങ്ങുകൾ ഓർത്തഡോക്സ് സഭയ്ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് നടന്നത്. ഗീവർഗീസ് സഹദായുടെ പെരുന്നാളിനിടെ ഓർത്തഡോക്സ് വികാരി ഫാ. പോൾ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാമും എത്തിയത് യാക്കോബായ വിഭാഗം ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
ചടങ്ങുകൾ നടത്താനുള്ള അവകാശം വികാരിക്കു മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച് യാക്കോബായ വിഭാഗം ഫാ. എബിനെ തടഞ്ഞു. അതേസമയം, സഭയ്ക്ക് ലഭിക്കുന്ന വീത സമയങ്ങളിൽ ഒന്നിലധികം വൈദികരെ പ്രവേശിപ്പിക്കുന്നത് പതിവാണെന്ന് ഓർത്തഡോക്സ് വിഭാഗം വാദിച്ചു. ഇതോടെയാണ് സംഘർഷം രൂക്ഷമായത്. പള്ളിയിൽ നേരത്തെ തന്നെ തർക്കാവസ്ഥ നിലനിന്നിരുന്നതിനാൽ പൊലീസിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് ഇടപെട്ടതിനെ തുടർന്ന് പള്ളിയിലെ പ്രാർഥനകൾ പൂർത്തിയാക്കി. പള്ളിയിൽ ഇരു വിഭാഗത്തിനും 15 ദിവസം വീതം ശുശ്രൂഷകൾ നടത്താനുള്ള ക്രമീകരണമാണ് നിലവിലുള്ളത്.


