ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കുര്യോട്ടുമലയിലെ സർക്കാർ ഫാമിൽ ആദ്യമായി ഒരു കുതിര പിറന്നു

കൊല്ലം: ആശങ്കയുടെ നിമിഷങ്ങൾ.... ജീവനക്കാരുടെ പ്രാർത്ഥനകൾ.... മീരയുടെ ഉച്ചത്തിലുള്ള കരച്ചിലിനിടെ അവൻ ഭൂമിയിലേക്ക് എത്തി. ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കുര്യോട്ടുമലയിലെ സർക്കാർ ഫാമിൽ മീര ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കടുത്ത തവിട്ട് നിറം നെറ്റിയിൽ ചന്തം നിറഞ്ഞ ഒരു വെള്ളച്ചുട്ടി. സർക്കാർ ഫാമിൽ ആദ്യമായ് പിറന്ന് വീണവന് എന്തു പേരു നൽകണമെന്നാണ് ഫാം അധികൃതർ. മാർവാലി എന്ന നാടൻ ഇനത്തിൽപ്പെട്ട മീര എന്ന കുതിരയ്ക്ക് അതേ ഇനത്തിൽപ്പെട്ട തൂഫാൻ സമ്മാനിച്ചതാണ് ഓമനക്കുഞ്ഞിക്കുതിരയെ. 11 മാസത്തെ ഗർഭകാലം കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത്. നാലു കുതിരകളാണ് നിലവിൽ കുര്യോട്ടുമല ഫാമിലുള്ളത് വിദേശ ജനുസ്സിൽ പെട്ട മായയും നക്സോസുമാണ് മറ്റു രണ്ടുപേർ.

പാസ്‌പോർട്ട് അടക്കം എല്ലാ രേഖയുമുണ്ട് ഇവർക്ക്. ഫാമിൽ വരുന്ന സഞ്ചാരികൾക്ക് കുതിരസവാരിയടക്കം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്നു റൗണ്ടിന് 50 രൂപയാണ് നിരക്ക്. 5000 രൂപയ്ക്ക് 15 ദിവസം കൊണ്ട് ഹോഴ്സ് റൈഡിങ് പഠിപ്പിച്ചു നൽകുന്നുമുണ്ട്. കുതിരകൾക്കു പുറമേ 600 പശുക്കൾ, ഒട്ടകപ്പക്ഷി, അലങ്കാരമത്സ്യങ്ങൾ, ചെടികൾ എന്നിവയും ഫാമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. 106 ഏക്കറിൽ പരന്നുകിടക്കുന്ന കാമ്പസിൽ താമസിക്കാൻ രണ്ട് എ.സി.റൂമും ഒരു നോൺ എ.സി. റൂമും ഉണ്ട്. 1,000 രൂപയും 750 രൂപയുമാണ് റേറ്റ്.

YouTube video player