തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൻസിപിക്ക് തന്നെയെന്ന് തീരുമാനിച്ച് ഇടത് മുന്നണി. എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടത് മുന്നണി യോഗം വിലയിരുത്തി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്നാണ് വിവരം. അന്തിമ തീരുമാനം ഇക്കാര്യത്തിൽ എടുക്കേണ്ടത് എൻസിപിയാണ്. തിങ്കളാഴ്ച ചേരുന്ന എൻസിപി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയാം. 

മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഒരിടക്ക് സീറ്റ് എൻസിപിയിൽ നിന്ന് സിപിഎം ഏറ്റെടുത്തേക്കും എന്ന തരത്തിൽ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഇതിനെല്ലാം അവസാനം എന്ന നിലയിലാണ് സീറ്റ് എൻസിപിക്ക് തന്നെയെന്ന് ഇടത് മുന്നണി തീരുമാനം.

അതിനിടെ കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിലും പ്രതിസന്ധി ഏറുകയാണ്. കേരള കോൺഗ്രസ് മത്സരിച്ച് വന്ന സീറ്റ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുകയും അതിന് ആവശ്യമായ ചര്‍ച്ചകൾ നടത്താൻ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.