ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം യുഡിഎഫിലും എൻഡിഎയിലും പ്രതിസന്ധിയാകുന്നു. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളെയും ഒഴിവാക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം. ഇരുമുന്നണികൾക്കും പുറമെ, സുഭാഷ് വാസു വിഭാഗത്തിന് കൂടി ബദലായി സ്ഥാനാർഥിയെ നിർത്തുകയെന്നതാണ് ബിഡിജെഎസിലെ പ്രതിസന്ധി.

ഇടത് സ്ഥാനാർത്ഥിയാകുന്ന തോമസ് കെ തോമസ് അനൗദ്യോഗിക പ്രചാരണം തുടങ്ങികഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസുകളെ ചൊല്ലിയുള്ള തർക്കം തീരാത്ത യുഡിഎഫിൽ, സർവത്ര ആശയക്കുഴപ്പമാണ്. മറ്റന്നാൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. ജോസഫ് പക്ഷക്കാരനായ അഡ്വ ജേക്കബ് എബ്രഹാമിന്‍റെ പേരിന് ആണ് മുൻതൂക്കം. എന്നാൽ പാലായിലെ അനുഭവം മുന്നിൽകണ്ട് സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് അത് പരസ്യമായി ഉന്നയിക്കുന്നു.

കുട്ടനാട് സ്ഥാനാർഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യാൻ എൻഡിഎ മേഖലാ യോഗം ഇന്ന് കോട്ടയത്ത് ചേരും. സീറ്റ് ബിഡിജെഎസിന് ആണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ പറ്റിയ സ്ഥാനാർത്ഥിയെ കണ്ടെത്തുക തുഷാറിനും കൂട്ടർക്കും വെല്ലുവിളിയാണ്. വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും ടി പി സെൻകുമാറിന്‍റെ ഉൾപ്പെടെ പേരുകൾ പറയുന്നുണ്ട്. യുഡിഎഫിനും എൽഡിഎഫിനും ഒപ്പം സുഭാഷ് വാസു വിഭാഗത്തെ കൂടി നേരിടണം തുഷാർ വെള്ളാപ്പള്ളിക്കും ബിജെപിക്കും.