Asianet News MalayalamAsianet News Malayalam

'പരാജയപ്പെട്ട കർഷകൻ, നെല്ല് എടുത്തിട്ട് കാശ് തന്നില്ല...'; പ്രസാദിന്‍റെ ആത്മഹത്യയിൽ സ‍ർക്കാരിനെതിരെ ചെന്നിത്തല

അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്തതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കർഷകർക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം.  

kuttanad paddy farmer suicide ramesh chennithala criticize kerala government btb
Author
First Published Nov 11, 2023, 5:06 PM IST

തിരുവനന്തപുരം: കുട്ടനാട്ടില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാജയപ്പെട്ട കർഷകനാണ്, നെല്ല് എടുത്തിട്ട് കാശ് തന്നില്ല എന്ന് പറഞ്ഞാണ് തകഴി കുന്നുമേൽ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്. കേരളത്തിൽ നിരന്തരമായി കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്തതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കർഷകർക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം.  

പി ആർ എസ് വായ്പാ കുടിശ്ശികയുടെ പേരിൽ ലോൺ നിഷേധിക്കപ്പെടുന്നു. സർക്കാറിന്റെ തെറ്റായ നയം തിരുത്തി കർഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടത്. ഈ വിഷയത്തിൽ ഭക്ഷ്യമന്ത്രിയുടെ വാദഗതികൾ ശരിയല്ല. വസ്തുതകൾ വളച്ചൊടിക്കാതെ കർഷകരോട് മന്ത്രി നീതി പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളീയം പരിപാടിയുടെ മറവിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണ്. 

തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു. വ്യാപകമായ പണപ്പിരിവിലൂടെ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്. എൽഡിഎഫ് ജനങ്ങളോട് ഒരു ആത്മാർത്ഥതയുമില്ലാതെ പലതും പറയുകയാണ്. ഇവിടെ വരുമാനം വർധിപ്പിക്കാൻ നികുതി പിരിവുകൾ ഒന്നും നടക്കുന്നില്ല. അതേസമയം, അഴിമതിക്കും ധൂർത്തിനും ഒരു കുറവുമില്ല. കേന്ദ്രത്തിൽ നിന്നും കേരളത്തിന് അർഹമായ വിഹിതം ചോദിച്ചു വാങ്ങുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തിന് മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നു. ഏഴ് വർഷമായി കേന്ദ്രത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രിയാണ് നമ്മുടേത്. 

കേരള മോഡൽ എന്നാൽ എൽഡിഎഫ് മോഡലാകില്ല. കേരളം മാറി മാറി ഭരിച്ച എല്ലാ സർക്കാരുകൾക്കും മുന്നണികൾക്കും അവകാശപ്പെട്ടതാണ് കേരള മോഡൽ എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യബോധവും പൗരബോധവും സാക്ഷരതയും നാം സ്വായത്തമാക്കിയ അറിവും മറ്റു കഴിവുകളും പ്രാഗത്ഭ്യവും ചേർന്ന കേരള മോഡൽ നമ്മുടെ സ്വന്തം തനിമയാണ്. അത് എല്‍ഡിഎഫിന്‍റെ സൃഷ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനം ജനങ്ങളുടെ കൂട്ടായ പോരാട്ടത്തിലൂടെ നേടിയതാണ്. 

അത് സാമൂഹികമായ മാറ്റത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ഐക്യത്തിന്റെ വിജയമായിരുന്നു. ക്ഷേത്ര പ്രവേശന വിളംബരം അവകാശമാണ്. ആരുടെയും ഔദാര്യമല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇത് സംബന്ധിച്ചുളള നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

പണി തടയുമെന്ന് സിഐടിയു, പ്രവർത്തകര്‍ തമ്പടിച്ചു; നാട്ടുകാരായ 25ഓളം പേർ ചേർന്ന് വീടിന്‍റെ വാർക്കപ്പണി നടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios