തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തക യൂണിയന്‍. മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുകയാണെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജി ആരോപിച്ചു. യൂണിയനുമായി സമവായത്തിലെത്തിയ ശേഷമാണ് ശ്രീരാമിനെ തിരിച്ചെടുത്തതെന്ന വാദവും അദ്ദേഹം തള്ളി. മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും, ചര്‍ച്ചകളില്‍ എതിരഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും റജി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. കോടതിയില്‍ കേസ് തീരുന്നതുവരെ ശ്രീരാമിനെ ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം 

കേരളത്തിലെ ഓരോ മാധ്യമപ്രവര്‍ത്തക?െന്റയും തീരാത്ത വേദനയാണ് കെ എം ബഷീര്‍. മദ്യപിച്ചു ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ആ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത് മുതല്‍ തുടങ്ങിയതാണ് മാധ്യമപ്രവര്‍ത്തക സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടം. ബഷീറി?െന്റ കൊലയാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങള്‍ക്ക് എതിരെ എത്രയെത്ര നീക്കങ്ങള്‍ വേണ്ടിവന്നു..! പത്രപ്രവര്‍ത്തക സംഘടനയ്ക്ക് പല തവണ മുഖ്യമന്ത്രിയെ കാണേണ്ടിവന്നു, സമയബന്ധിതമായി കുറ്റപത്രം കോടതിയിലെത്താന്‍പോലും.

ഭരണവര്‍ഗം തുനിഞ്ഞിറങ്ങിയാല്‍ എന്തും നടക്കും എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി ഇപ്പോഴിതാ വെങ്കിട്ടരാമന്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുന്നു. അര്‍ധരാത്രി മദ്യപിച്ച് കൂത്താടി അമിതവേഗത്തില്‍ ലക്കില്ലാതെ വാഹനം ഓടിച്ച് ചെറുപ്പക്കാരനായ ഒരു പാവം മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചുവീഴ്ത്തിയിട്ടും തെളിവുകള്‍ തേച്ചുമാച്ചു കളയാനും കുറ്റം കൂടെയുണ്ടായിരുന്ന യുവതിയുടെ മേല്‍ കെട്ടിവെക്കാനും ശ്രമിച്ചിട്ടും അതിനെയെല്ലാം വെള്ളപൂശാനായിരുന്നു പൊലീസ് അടക്കം ഭരണസംവിധാനം ആദ്യം മുതല്‍ ശ്രമിച്ചുവന്നത്.

ലോകമാകെ മരണവും ഭീതിയും വിതച്ചു മഹാമാരിയായി കോവിഡ് 19 പടര്‍ന്നുപിടിക്കുേമ്പാള്‍ അതിനെ മറയാക്കി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെ തിരികെ കൊണ്ടുവരാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന െഎ.പി.എസ് ഉദ്യോഗസ്ഥ?െന്റ സസ്‌പെന്‍ഷന്‍ കാലം ഒന്നിനു പുറകെ ഒന്നായി നീട്ടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ആണ് ഒരു ക്രിമിനല്‍ കേസ് പ്രതിക്കായി ഇപ്പോള്‍ അമിതാവേശം കാണിച്ചിരിക്കുന്നത്. യുവ െഎ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ഈ ആവേശത്തിനു പിന്നിലെ കുബുദ്ധി കേരളത്തിന്റെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. മലയാളത്തിന്റെ പൊതു മനസ്സിനു ദിശാബോധം നല്‍കുന്ന മാധ്യമസമൂഹത്തിന് അതു മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നും അധികാരികള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണെന്നു മാത്രമേ പറയാന്‍ കഴിയൂ.

പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന ധാരണ പരത്താന്‍ കഴിഞ്ഞു എന്നതാണ് ഉദ്യോഗസ്ഥ ലോബിയുടെ മറ്റൊരു വിജയം. സര്‍ക്കാര്‍ തീരുമാനത്തി?െന്റ സൂചന വന്നപ്പോള്‍ തന്നെ യൂണിയന്‍ പ്രതിഷേധം അറിയിച്ചതാണ്?. ഏതെങ്കിലും ചര്‍ച്ചയില്‍ അത്തരമൊരു നിര്‍ദേശം ഉണ്ടായാല്‍ അതു കേട്ട് കയ്യടിച്ച്? അംഗീകരിച്ചു പോരുന്ന വര്‍ഗവഞ്ചന പത്രപ്രവര്‍ത്തക സംഘടന കാട്ടുകയുമില്ല. തിരിച്ചെടുത്ത ഉത്തരവ് പുറത്തുവരുന്നതിനു മുേമ്പ തന്നെ ഇത്തരത്തിലൊരു പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിലും ഗുഢലക്ഷ്യങ്ങളുണ്ടെന്നു തീര്‍ച്ച.

ദിവസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ േഫാണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിര്‍ദേശം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താന്‍ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്‌പെന്‍ഷന്‍ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതിയോ ട്രൈബ്യൂണലോ ഇടപെട്ട് സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവര്‍ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോള്‍ത്തന്നെ അറിയിച്ചു.

മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വൈകാരിക വ്യഥയുണ്ടാക്കുന്നതാണ് ബഷീറിന്റെ മരണമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനോടു ശക്തമായ വിയോജിപ്പും പ്രതിഷേധവും ഉണ്ടെന്നും യൂണിയന്‍ വ്യക്തമാക്കി. ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ട കെ.യു.ഡബ്ല്യു.യു ജെ തിരുവനന്തപുരം ജില്ലാ നേതാക്കളും ഇതേ വികാരം അദ്ദേഹത്തെ ധരിപ്പിച്ചു. യാഥാര്‍ഥ്യം ഇതായിരിക്കെ ആണ് പത്രപ്രവര്‍ത്തക സംഘടനയുമായി ചര്‍ച്ച നടത്തി വിശ്വാസത്തിലെടുത്താണു തീരുമാനമെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.

പാതിരാത്രി ജോലി കഴിഞ്ഞ് വീടണയാന്‍ യാത്ര തിരിച്ച യുവ പത്രപ്രവര്‍ത്തകനെ മദ്യലഹരിയില്‍ വണ്ടിയിടിപ്പിച്ചു ചോരയില്‍ മുക്കിക്കൊന്ന സംഭവം കേരളത്തിലെ ഓരോ മാധ്യമ പ്രവര്‍ത്തകെന്റയും നെഞ്ചില്‍ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. ആ വേദനയില്‍ ഒപ്പം നില്‍ക്കുകയും വലിയ ആശ്വാസം പകരുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനോട് ഓരോ മാധ്യമ പ്രവര്‍ത്തകനും കടപ്പാടുമുണ്ട്. പക്ഷേ, അദ്ദേഹവും ഒടുവില്‍ ഉദ്യോഗസ്ഥ ചരടുവലിയില്‍ കുടുങ്ങിപ്പോയോ എന്നു ഞങ്ങള്‍ സംശയിക്കുന്നു.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങള്‍ക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തിന്റെ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയില്‍ വിചാരണ തുടങ്ങിയ േകസില്‍ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥന്‍ പുറത്തുതന്നെ നില്‍ക്ക?െട്ട. സംസ്ഥാനം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ആരോഗ്യവകുപ്പിലേക്കു തന്നെ ആ കളങ്കിതന്‍ എത്തുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നു.

നീതിപീഠത്തിനു മുന്നില്‍ വിചാരണ നേരിടുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് എങ്ങനെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളില്‍ നീതിയുണ്ടെന്ന് ജനങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാനാവും? അതിവേഗത്തിലും ന്യായയുക്തമായും വിചാരണ പൂര്‍ത്തിയാവുന്നതിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതടക്കം നടപടികളുമായി സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നീതിക്കൊപ്പം നില്‍ക്കുകയാണു വേണ്ടത്.

ചെയ്ത കുറ്റത്തിന് ശ്രീറാം നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ വിശ്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരൊക്കെ ചരട് വലിച്ചാലും ശ്രീറാം സര്‍വീസില്‍ തിരികെ വന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുക തന്നെ ചെയ്യും.