Asianet News MalayalamAsianet News Malayalam

കുഴല്‍മന്ദം അപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കൃത്യവിലോപം കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തൽ.ഓസേപ്പ് തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്നും കെഎസ്ആര്‍ടിസി

 Kuzhalmandam accident: KSRTC finds negligence on driver's part, sacks him
Author
First Published Jan 11, 2023, 11:36 AM IST

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവർ സി.എൽ ഔസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആര്‍ടിസിയുടെ നടപടി. ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 

പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൻ്റെ അടിസ്ഥാന്നത്തിൽ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തി. അപകടത്തിൻ്റെ ദൃശ്യങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമായിരുന്നു.

ഡ്രൈവർ കുറച്ചു കൂടി ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തൽ. കൃത്യവിലോപം കെഎസ്ആര്‍ടിസിയ്ക്ക് അവമതിപ്പുണ്ടാക്കി. ഔസേപ്പ് ഇതിനു മുമ്പും അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി രേഖയിലുണ്ട്. പൊതു നന്മയും കെഎസ്ആര്‍ടിസിയുടെ താത്പര്യവും മുൻനിർത്തിയാണ് നടപടിയെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.

കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോഡ് സ്വദേശി സബിത് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. നടപടിയിൽ ഏറെ സന്തോഷമെന്ന് യുവാക്കളുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. തുടക്കത്തിൽ കുഴൽമന്ദം പോലിസ് ഔസേപ്പിനെതിര മനപൂർവമല്ലാത്ത നരഹത്യാ വകുപ്പ് മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. പിന്നീട് യുവാക്കളുടെ വീട്ടുകാർ നല്കിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതും നരഹത്യക്ക് കേസെടുത്തതും.

Follow Us:
Download App:
  • android
  • ios