Asianet News MalayalamAsianet News Malayalam

കെ വി തോമസിന്റെ ചായ്‍വ് ഇടത്തോട്ടു തന്നെ? അനുനയിപ്പിക്കാന്‍ അവസാന ശ്രമവുമായി കോണ്‍ഗ്രസ്

ഇടത് മുന്നണിയും സിപിഎമ്മും സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം കെവി തോമസ് എടുക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 

kv thomas ldf candidate in aroor rumour
Author
Cochin, First Published Jan 22, 2021, 7:52 PM IST

കൊച്ചി: കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സസ്പെന്‍സ് നിലനിര്‍ത്തി മുന്‍ കേന്ദ്ര മന്ത്രി കെവി തോമസിന്‍റെ വാര്‍ത്താ സമ്മേളനം നാളെ കൊച്ചിയില്‍ നടക്കും. ഇടത് മുന്നണിയും സിപിഎമ്മും സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം കെവി തോമസ് എടുക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 

കെവി തോമസ് ഇടതു മുന്നണിയിലേക്കെന്ന ആഭ്യൂഹം ശക്തമായി തുടരുന്നതിനിടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് കെവി തോമസ് അറിയിച്ചത്. കൊവിഡ് റിവേഴ്സ് ക്വാറന്‍റൈന്‍ അവസാനിച്ച് ഇന്ന് ഒരു ചടങ്ങില്‍ പങ്കെടുത്തുവെങ്കിലും കെവി തോമസ് സസ്പെന്‍സ് നാളത്തേക്ക് കൂടി നീട്ടി. എല്ലാം നാളെ പറയാം എന്നാണ് അദ്ദേഹം പറഞ്ഞത്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനമോ നിയമസഭ സീറ്റോ ആവശ്യപ്പെട്ട കെവി തോമസിനോട് കോണ്‍ഗ്രസ് നേതൃത്വം മുഖം തിരിച്ചതാണ് പുതിയ കരുനീക്കങ്ങള്‍ക്ക് പിന്നില്‍. ഹൈക്കമാന്‍ഡും തന്നെ ഒഴിവാക്കുന്നുവെന്ന തോന്നലിലാണ് കെവി തോമസ് ഇടതു മുന്നണിയുടെ സഹകരണത്തിന് ശ്രമിച്ചത്. 

മത്സ്യ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഴ്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെവി തോമസ് ഇടതു മുന്നണിയുമായി സഹകരിക്കാനുള്ള തന്‍റെ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന. അരൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ആഗ്രഹമാണ് കെവി തോമസിനുള്ളത്. അല്ലെങ്കില്‍ എറണാകുളത്തോ വൈപ്പിനിലോ മത്സരിക്കാം.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കെവി തോമസിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്വാഗതം ചെയ്തതും ഈ നീക്കത്തിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുകയാണ്. നേരത്തെ ആവശ്യപ്പെട്ട കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്ന സന്ദേശം കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും കെവി തോമസിന് ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കെവി തോമസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്ത ബന്ധുവിന് സീറ്റ് നല്‍കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നുണ്ട്. കെവി തോമസിന്‍റെ സമ്മര്‍ദ്ദത്തിന് കീഴ്പ്പെടരുതെന്ന് ഒരു വിഭാഗം നേതാക്കളുടെ ഉറച്ച നിലപാടും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് പ്രഖ്യാപിക്കാന്‍ കെവി തോമസ് നാളെ വാര്‍ത്താ സമ്മേളനം വിളിച്ചത്.

Follow Us:
Download App:
  • android
  • ios