പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി.
തിരുവനന്തപുരം: കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ സർക്കാർ നിർദേശം. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെവി തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്.
സംസ്ഥാനം കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് കെവി തോമസിന് യാത്രാ ബത്ത വർധിപ്പിച്ചത്. ഇന്നലെ പിഎസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ചെയർമാന്ററെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും മൂന്നര ലക്ഷം രൂപയാക്കി. അംഗങ്ങളുടെത് 2.23 ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷവുമാക്കി. പെൻഷനിലും വലിയ വർദ്ധനയുണ്ടാകും.
ക്ഷേമ പെൻഷൻ കുടിശ്ശിക, കെഎസ്ആർടിസിലെ ശമ്പളം മുടങ്ങൽ, ആശവർക്കർമാർക്കുള്ള ശമ്പളം മുടങ്ങൽ ഇതിനെല്ലാം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന പറയുമ്പോഴാണ് സർക്കാർ ചിലർക്ക് മാത്രം വാരിക്കോരി നൽകുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.

