വരും ദിവസങ്ങളില്‍ 1200 ഓളം പേര്‍ മാര്‍ക്കറ്റിങ്ങ് ജോലിയിലേക്ക് മാറും. ഇതോടെ സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നാണ് തൊളിലാളി സംഘടനകളുടെ ആരോപണം.
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കേരളാ സര്‍ക്കിള്‍ പരിധിയിലെ 1250 ക്ലറിക്കല്‍ ജീവനക്കാരെ മാര്‍ക്കറ്റിങ്ങ് ജോലിയിലേക്ക് മാറ്റിയ മാനേജ്മെന്‍റ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊഴിലാളി സംഘടനകളുമായി ഒരു കൂടിയാലോചന പോലുമില്ലാതെയാണ് കേരളത്തില്‍ ഇത്രയേറെ ക്ലറിക്കല്‍ ജീവനക്കാരെ മാര്‍ക്കറ്റിങ്ങിലേക്ക് മാറ്റിയതെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. മാനേജ്മെന്‍റ് നടപടിക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളില്‍ 1200 ഓളം പേര്‍ മാര്‍ക്കറ്റിങ്ങ് ജോലിയിലേക്ക് മാറും. ഇതോടെ സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നാണ് തൊളിലാളി സംഘടനകളുടെ ആരോപണം.
ജീവനക്കാരുടെ കുറവും കമ്പ്യൂട്ടർ സാങ്കേതിക പ്രശ്‌നങ്ങളും കാരണം വീര്‍പ്പുമുട്ടുന്ന ജോലിഭാരവും തിരക്കുമാണ് എല്ലാ എസ്ബിഐ ശാഖകളും നേരിടുന്നത്. ഇതിനിടയില്‍ ഇത്രയേറെ തൊഴിലാളികളെ നിലവില്‍ ഉള്ള സ്ഥാനങ്ങളില്‍ നിന്ന് മാര്‍ക്കറ്റിങ്ങിലേക്ക് മാറ്റിയാല്‍ പ്രതിസന്ധി വീണ്ടും ശക്തമാകുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ക്കിടയ്ക്ക് ഇത്രയേറെ തൊഴിലാളികളിലുണ്ടാവുന്ന കുറവ് പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുമെന്നും എസ്ബിഎസ്‍യു നേതാക്കള്‍ പറയുന്നു. ഡിസംബര്‍ 20 നും 23 നും ഇത് സംബന്ധിച്ച് എസ്ബിഎസ്‍യുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ എസ്ബിഐ ശാഖകള്‍ക്ക് മുന്നില്‍ നടന്നിരുന്നു.
തൊഴിലാളി സംഘടനകള്‍ ഈ വിഷയത്തില്‍ സമരമുഖത്താണെന്ന് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇത് സംബന്ധിച്ച് മാനേജുമെന്‍റുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. എസ്ബിഐയില്‍ കേരളാ സെക്ടറില്‍ മാത്രം ഏതാണ്ട് 8500 തോളം തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ 5000 ത്തോളം ആളുകളാണ് ഉള്ളത്. എസ്ബിഐയുടെ മാന്‍ പവര്‍ പ്ലാനിങ്ങിന്‍റെ ഭാഗമായാണ് ബ്രാഞ്ചുകളില്‍ അധികമായുണ്ടെന്ന് കണ്ടെത്തിയ 1250 പേരെ ഒറ്റയടിക്ക് മാര്‍ക്കറ്റിങ്ങിലേക്ക് മാറ്റാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയേറെ പേരെ ബ്രാഞ്ചുകളില്‍ നിന്ന് പിന്‍വലിച്ചാല്‍ ബ്രാഞ്ചുകളുടെ ദൈനംദിന പ്രവര്‍ത്തികള്‍ ഏങ്ങനെ മുന്നോട്ട് പോകുമെന്നതാണ് തങ്ങളുടെ ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റിന്‍റെ തീരുമാനത്തിന് സംഘടന എതിരല്ല. മറിച്ച് ഒറ്റയടിക്ക് ഇത്രയേറെ പേരെ മാറ്റിയാല്‍ അത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുമെന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജ്മെന്‍റുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇക്കാര്യത്തില്‍ ഒരു ഏകകണ്ഠമായ തീരുമാനമുണ്ടായില്ലെങ്കില്‍ കേന്ദ്രകമ്മറ്റിയുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: അച്ഛന് സിബിൽ കുറവെന്ന്, വിദ്യാഭ്യാസ വായ്പ അനുവദിച്ചില്ല, എസ്ബിഐ ബ്രാഞ്ചിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
