ടിക്കറ്റ് നിരക്കായ 18 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയത് പരാജയപ്പെട്ടതിനെ തുടർന്ന് യുവതിയെ രാത്രി ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി നടപടിയെടുത്തു. വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ സി അനിൽ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
തിരുവനന്തപുരം: ടിക്കറ്റ് നിരക്കായ 18 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വഴിയിലിറക്കി വിട്ട സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ആർടിസി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ നെല്ലിമൂട് സ്വദേശി സി അനില്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 26ന് നടന്ന സംഭവത്തിന് പിന്നാലെ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ ദിവ്യ കെഎസ്ആർടിസിക്ക് പരാതി നൽകിയിരുന്നു.
തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോര്‍ട്ടിനെ തുടർന്നാണ് നടപടി. കുന്നത്തുകാലിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദിവ്യ രാത്രി 8.45ന് കൂനമ്പന ബസ് സ്‌റ്റോപ്പില്‍ നിന്ന് വെളറടയിലേക്ക് പോകാനായി കയറിയ ബസിലായിരുന്നു സംഭവം.ടിക്കറ്റ് വാങ്ങിയശേഷം ഗൂഗിള്‍പേവഴി 18 രൂപ അയച്ചു. എന്നാല്‍ സെര്‍വര്‍ തകരാറുകാരണം പണംകണ്ടക്ടര്‍ക്ക് കിട്ടിയില്ല. വെള്ളറടയിലെത്തിയ ശേഷം ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് ടിക്കറ്റിന്റെ പണംനല്‍കുമെന്ന് അറിയിച്ചെങ്കിലും കണ്ടക്ടര്‍ വിസമ്മതിച്ചു.
തുടര്‍ന്ന്‌തോലടി ജംഗ്ഷനു സമീപം വിജനമയ സ്ഥലത്ത് യുവതിയെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ദിവ്യ ഭര്‍ത്താവിനെ വിവരം അറിയിച്ചശേഷം രണ്ടു കിലോമീറ്ററോളം നിലമാമൂട് വരെ നടന്നു. അപ്പോഴാണ് ഭര്‍ത്താവ് എത്തി ദിവ്യയെ ബൈക്കില്‍കൂട്ടിക്കൊണ്ടു പോയത്. മറ്റ് യാത്രികരുടെ മുന്നില്‍വച്ച് ആക്ഷേപിക്കുകയും ആക്രോശിച്ചുകൊണ്ട് ഇരുട്ടത്ത് ഇറക്കിവിട്ടുവെന്നും ചൂണ്ടിക്കാട്ടി കണ്ടക്ടര്‍ക്കെത്തിരെ നിയമ നടപടി ആവശ്യപ്പെട്ട് ദിവ്യ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കിയത്.
തൃശൂരിലെ നടപടി
തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിലും നടപടി സ്വീകരിച്ചിരുന്നു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546(SF) ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.


