Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിത തെരഞ്ഞെടുപ്പിലേക്ക് ലക്ഷദ്വീപ്: ഹൈക്കോടതി വഴി തെരഞ്ഞെടുപ്പ് തടയാൻ മുഹമ്മദ് ഫൈസൽ

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ അന്ന് മുതൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാകുമെന്നാണ് ചട്ടം. വധശ്രമക്കേസിൽ 10 വർഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്

Lakshadweep going for byelection after MP got disqualifed
Author
First Published Jan 18, 2023, 7:04 PM IST

കൊച്ചി: വധശ്രമക്കേസിൽ മുൻ എംപി ജയിലിൽ ആയതോടെയാണ് ലക്ഷദ്വീപിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് എത്തുന്നത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന   ആവശ്യം ഹൈക്കോടതി അംഗീകരിച്ചാൽ  മുഹമ്മദ് ഫൈസലിൻറെ അയോഗ്യത ഇല്ലാതാകും. വിജ്ഞാപനം ദിവസങ്ങൾ ഇനിയുമുണ്ടെന്നിരിക്കെ ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും.

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ അന്ന് മുതൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാകുമെന്നാണ് ചട്ടം. വധശ്രമക്കേസിൽ 10 വർഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാൽ സെഷൻ കോടതിക്ക് മുകളിലുള്ള മേൽക്കോടതികൾ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കിൽ അയോഗ്യത ഇല്ലാതാകുമെന്നും പാലമെൻ്റ് നടപടികളിൽ പങ്കെടുക്കാനും നിയമപരമായി സാധിക്കും. 

നിലവിൽ കവരത്തി കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസലിൻറെ  രണ്ട് ഹർജികൾ ഹൈക്കോടതിയ്ക്ക് മുന്നിലുണ്ട്. ഒന്ന് ശിക്ഷ റദ്ദാക്കണമെന്നതും രണ്ട് ശിക്ഷ  നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തിൽ വിടണമെന്നുമാണ്. ജയിൽ മോചിതനാക്കണമെന്ന ആവശ്യത്തിൽ  വെള്ളിയാഴ്ച  കോടതി വിധി പറയും. എന്നാൽ ഇത് കൊണ്ട്  കൊണ്ട് അയോഗ്യത മാറില്ല. പിന്നാലെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും വാദം നടത്താനാണ് തീരുമാനം. 

കേസിൽ അനുകൂല വിധി വന്നാൽ  മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ലോകസഭ സെക്രട്ടറിയുടെ ഉത്തരവ് ഇല്ലാതാകും. തെരഞ്ഞെടുപ്പും ഒഴിവാക്കേണ്ടിവരും. ജനുവരി 31 നാണ് ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നലവിൽ വരിക. ഇതിന് മുൻപ് ഹൈക്കോടതിയിൽ അനുകൂല വിധി നേടാനാണ് മുഹമ്മദ് ഫൈസലിൻറെയും എൻസിപിയുടേയും നീക്കം. ക്രിമിനൽ കേസുകളിലെ ശിക്ഷ നടപ്പാക്കുന്നത് മേൽക്കോടതിയിൽ സ്റ്റേ ചെയ്യുന്നത് അപൂർവ്വമാണ്. അത്തരം അസാധാരണ സാഹചര്യം ഉണ്ടാകുമോ എന്നതാണ് ലക്ഷദ്വീപ് സമൂഹം ഉറ്റുനോക്കുന്നത്.

അരലക്ഷത്തിൽ താഴെ വോട്ടർമാരുള്ള ലക്ഷദ്വീപിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നേരിയ വോട്ടിന് വിജയിച്ചാണ് എൻസിപി അംഗമായ മുഹമ്മദ് ഫൈസൽ ലോക സഭയിലെത്തിയത്.  ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ബിജെപിക്കോ മറ്റ് പാർട്ടികൾക്കോ കാര്യമായ ഇടമില്ലാത്ത ദ്വീപിൽ കോൺഗ്രസ്, എൻസിപി പോരിനാണ് കളമൊരുങ്ങുക.

ഫെബ്രുവരി 27 നാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.  മഹാരാഷ്ട്രയിൽ രണ്ട് ഇടങ്ങളിൽ ഉൾപ്പെടെ  അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് നിയസഭ മണ്ഡലങ്ങളിലും 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.  എല്ലായിടത്തും മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

Follow Us:
Download App:
  • android
  • ios