തിരുവനന്തപുരം: അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ സഭയുടെ ഭൂമി വിൽപ്പന. ഏക്കർ കണക്കിന് തീരം മൂന്ന് സെന്‍റുകളായി തിരിച്ചാണ് പള്ളി കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വിൽപന നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നെയ്യാറ്റിൻകര താലൂക്കിലെ കോട്ടുകാൽ വില്ലേജ് പുറപ്പെടുവിച്ച നിരോധന ഉത്തരവാണിത്.

സമുദ്രതീര പുറമ്പോക്ക് അതിർത്തികെട്ടി തിരിക്കുന്നതിൽ നിന്നും പിൻവാങ്ങണമെന്ന് അടിമലത്തുറ ഇടവക വികാരിക്ക് നൽകിയ നിർദ്ദേശം ശ്രദ്ധയിൽ പെട്ടതോടെയാണ് ഈ തീരത്തെക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുന്നത്. ഒന്നും രണ്ടുമല്ല, നിരനിരയായി ഉയരുന്നത് 100 ലേറെ വീടുകൾ. സമുദ്രതീര പുറമ്പോക്കിൽ അഞ്ച് ഏക്കറിലധികം തീരം കയ്യേറി. ലത്തീൻ സഭക്ക് കീഴിലെ അമലോത്ഭവ മാതാ പള്ളികമ്മിറ്റി ഈ ഭൂമി മൂന്ന് സെന്‍റുകളായി തിരിച്ചു. ഒരു രേഖയുമില്ല, പള്ളി സംരക്ഷണം നൽകും എന്ന വാക്ക് മാത്രം. ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പള്ളിക്ക് പണം നൽകിയതായി സമ്മതിക്കുന്നു

"
2019 ഫെബ്രുവരിയിൽ  കയ്യേറ്റമൊഴിപ്പിക്കാൻ  കളക്ടർ വിളിച്ച യോഗത്തിലും നടന്നത് വിൽപ്പന തന്നെയെന്ന് സ്ഥിരീകരിച്ചു. തീരമൊഴിപ്പിക്കാൻ റവന്യുവും പഞ്ചായത്തും ഇടപെട്ടു. സംഘടിതമായി മത്സ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി പള്ളികമ്മിറ്റി ചെറുത്തു. സർക്കാരിനെ നോക്കുകുത്തിയാക്കി ഭവന നിർമ്മാണം തുടരുന്നു. കുടുംബങ്ങളിൽ ആളെണ്ണം കൂടിയപ്പോൾ തങ്ങൾ തന്നെ നേരിട്ട് പുനരധിവാസം നടപ്പാക്കിയെന്ന് വൈദികൻ പറയുന്നു. കടൽക്ഷോഭ ഭീഷണിയുള്ള മേഖലയിലെ ഈ പുനരധിവാസത്തിൽ പൊരുത്തകേടുകൾ അപ്പോഴും ബാക്കിയാണ്. പൊതുഭൂമി പകുത്തുനൽകാൻ പള്ളിക്കെന്തവകാശമാണുള്ളത്? ഇത് ഇവിടെ തടയപ്പെട്ടില്ലെങ്കിൽ കൂടുതൽ തീരങ്ങൾ നമുക്ക് നഷ്ടമാകുമെന്നുറപ്പാണ്.