ഇക്കാര്യം ഗതാഗതവും വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധീകൃതരോടും ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഉയരപ്പാതയുടെ നിര്‍മ്മാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
കൊല്ലം: കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ പ്രതികരണവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധീകൃതരോടും ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഉയരപ്പാതയുടെ നിര്‍മ്മാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കേരളത്തിലെ ഭൂപ്രകൃതിയും പ്രദേശത്തിന്‍റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ദേശീയപാതയെയും സര്‍വ്വീസ് റോഡുകളെയും വേര്‍തിരിച്ച് വന്‍മതില്‍ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവര്‍ത്തിക്കുന്നത്. നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എര്‍ത്ത് റിടൈയിനിംഗ് വാളുകള്‍ക്ക് പകരം പില്ലറിന്മേലുളള എലിവേറ്റഡ് ഹൈവേയാണ് നിര്‍മ്മിക്കേണ്ടത്. എര്‍ത്ത് റിടൈനിംഗ് വാളുകള്‍ ഉപയോഗിച്ചുളള ഉയരപ്പാതയ്ക്ക് പകരം എലിവേറ്റഡ് ഹൈവേ എന്ന നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഉണ്ടായിട്ടുളള അപകാത മൂലം സര്‍വ്വീസ് റോഡിലൂടെയുളള ഗതാഗതം അപകടകരമായ നിലയില്‍ തുടരുകയാണ്. അടിയന്തിരമായി വിദഗ്ദ്ധ സംഘത്തിന്‍റെ പരിശോധന നടത്തി എര്‍ത്ത് റിടൈനിംഗ് വാള്‍ ഉപയോഗിച്ചുളള ഉയരപ്പാതയുടെ നിര്‍മ്മാണം പുനപരിശോധിക്കണമെന്നും സര്‍വ്വീസ് റോഡിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുവാനുളള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സംഭവത്തില്‍ കേടുപാടു പറ്റിയ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.
കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുതാണത്. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി. ശിവാലയ കൺസ്ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം - കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും സ്ഥലത്തേക്ക് എത്തി. ദേശീയപാത നിർമാണത്തിൽ അഴിമതിയും അനാസ്ഥയെന്നും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ വിമർശിച്ചു.
മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിലിരിക്കെ ദേശീയ പാത തകര്‍ന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലം മൈലക്കാടും ദേശീയ പാത തകര്‍ന്നത്. അടിയന്തര അന്വേഷണം നടത്താൻ പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. ദേശീയ പാത അതോറിറ്റിയോട് വിശദീകരണം തേടാനും നിർദേശമുണ്ട്.



