Asianet News MalayalamAsianet News Malayalam

കുണ്ടറയിലെ മണ്ണ് മാഫിയ അതിക്രമം:ജിയോളജി വകുപ്പിനോട് റിപ്പോർട്ട് തേടി റവന്യുവകുപ്പ്,സ്ഥലത്തെത്തി പരിശോധിക്കണം

വീടിന് ഭീഷണിയാകുന്ന തരത്തിൽ  മണ്ണെടുക്കാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്നും ജിയോളജി വകുപ്പ് വിശദീകരിക്കണം

Land mafia encroachment in Kundara: Revenue department seeks report from geology department
Author
First Published Nov 27, 2022, 7:21 AM IST

 

കൊല്ലം : കൊല്ലം കുണ്ടറയിൽ നിർധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ ഇടപെട്ട് റവന്യു വകുപ്പ്. 
അടിയന്തരമായി റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് ജിയോളജി വകുപ്പിന് നിർദേശം നൽകി.സ്ഥലം നേരിട്ട് പോയി പരിശോധിച്ചു തിങ്കളാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. വീടിന് ഭീഷണിയാകുന്ന തരത്തിൽ  മണ്ണെടുക്കാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്നും ജിയോളജി വകുപ്പ് വിശദീകരിക്കണം. 

വീടിന്റെ അടിത്തറ തോണ്ടി മണ്ണ് മാഫിയ മണ്ണെടുപ്പ് തുടർന്നതോടെ പഞ്ചായത്തിന്റെ വായനശാലയിലാണ് ആറ് മാസമായി കുടുംബം താമസിക്കുന്നത്. പല വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അധികാരികൾ ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കുടുംബം പരാതി പറഞ്ഞിരുന്നു.

പതിനഞ്ച് വര്‍ഷം വാടക വീടുകളിൽ മാറി മാറി കഴിഞ്ഞ ശേഷമാണ് സുമയ്ക്കും കുടുംബത്തിനും മുളവനയിൽ മൂന്ന് സെന്റ് ഭൂമി ലൈഫ് പദ്ധതിയിലൂടെ കിട്ടിയത്. ചെറിയ രണ്ട് മുറികളുള്ള വീട് തട്ടിക്കൂട്ടി. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയെയാണ് സുമത്തിന്‍റെയും കുടുംബത്തിന്‍റെ ജീവിതത്തില്‍ മണ്ണ് മാഫിയ വില്ലനായത്. വീടിന് സമീപം സ്ഥലം വാങ്ങിയവർക്ക് പണം നൽകി ആഴത്തിൽ മണ്ണെടുത്തു. ഏകദേശം നൽപ്പതടിയോളം. അതോടെ വീട് ഒറ്റപ്പെട്ടു. അടുക്കള ഭാഗത്തെ മണ്ണ് ഇടിഞ്ഞു. 'ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനി നാല് ജീവന് മാത്രമേ നഷ്ടപ്പെടാന്‍ ബാക്കി ഉള്ളൂ' നിറഞ്ഞ കണ്ണുകളോടെ സുമ പറയുന്നത് ഇങ്ങനെ. അധികാരികള്‍ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. 

വീട് അപകടാവസ്ഥയിലായതോടെ പഞ്ചായത്തധികൃതരെത്തി ഇവരെ സമീപത്തുള്ള വായനശാല കെട്ടിടത്തില്‍ ആക്കിയിരിക്കുകയാണ്. ഭര്‍ത്താവും രണ്ട് മക്കളുമായി വായനശാലയുടെ ഹാളിൽ ജീവിതം തള്ളി നീക്കുകയാണ് സുമയിപ്പോൾ. പ്രതിഷേധം ശക്തമായപ്പോള്‍ കലക്ടറുടെ നേതൃത്വത്തില്‍ യോ​ഗം ചേര്‍ന്നു. ലൈഫ് പദ്ധതിയില്‍ പുതിയ വീട് അല്ലെങ്കില്‍ സംരക്ഷണ ഭിത്തി കേട്ടി കൊടുക്കല്‍ അങ്ങനെ പല വാ​ഗ്ദാനങ്ങളാണ് അന്ന്  വാക്കാല്‍ നല്‍കിയത്. ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. ലൈഫിൽ വീട് വച്ച് നൽകുമെന്ന് കുണ്ടറ പഞ്ചായത്ത് ആവര്‍ത്തിക്കുകയാണ്. എന്നാൽ എപ്പോൾ നൽകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയതോടെയാണ് റവന്യു വകുപ്പിന്റെ ഇടപെടൽ

വീടിന്റെ അടിത്തറ തോണ്ടി മണ്ണെടുത്ത സംഭവം: അനുമതി കൊടുത്തത് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടെന്ന് ജിയോളജി വകുപ്പ്

Follow Us:
Download App:
  • android
  • ios