കോഴിക്കോട് നഗരത്തില്‍, 11 സെന്‍റ് ഭൂമി, രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയത് തിരുത്താന്‍, സ്ഥലമുടമ ദേവരാജ് ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു കഴിഞ്ഞു. ഉന്നതരുടെ നിയമലംഘനങ്ങള്‍ക്ക് കുടപിടിക്കുന്ന അതേ ഉദ്യോഗസ്ഥ ലോബിയാണ് സാധാരണക്കാര്‍ക്ക് നേരെ മുഖം തിരിക്കുന്നത്.

കോഴിക്കോട്: തോട്ടഭൂമി ഉള്‍പ്പെടെ തരം മാറ്റി (Land Reclassification) വന്‍കിട നിര്‍മാണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും, കോഴിക്കോട്ടെ (Kozhikode) റവന്യൂ ഓഫീസുകളില്‍ സാധാരണക്കാരന് നീതി അകലെയാണ്. കോഴിക്കോട് നഗരത്തില്‍, 11 സെന്‍റ് ഭൂമി, രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയത് തിരുത്താന്‍, സ്ഥലമുടമ ദേവരാജ് ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു കഴിഞ്ഞു. ഉന്നതരുടെ നിയമലംഘനങ്ങള്‍ക്ക് കുടപിടിക്കുന്ന അതേ ഉദ്യോഗസ്ഥ ലോബിയാണ് സാധാരണക്കാര്‍ക്ക് നേരെ മുഖം തിരിക്കുന്നത്.

സമയം 11മണി. കോഴിക്കോട് കളറക്ടറേറ്റില്‍ മന്ത്രി കെ. രാജന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നു. ജില്ലാ കളക്ടര്‍ അടക്കം ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം യോഗത്തിലുണ്ട്. കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം പുരോഗമിക്കുമ്പോള്‍ തൊട്ടടുത്ത ആര്‍ഡിഒ ഓഫീസിന് മുന്നില്‍ ദേവരാജ് പതിവ് കാത്തു നില്‍പ്പിലാണ്. 15 വര്‍ഷം മുമ്പ് വിലകൊടുത്ത് വാങ്ങിയ, 11 സെന്‍റ് ഭൂമി രേഖകളില്‍ ഇപ്പോഴും നിലമാണ്. അതൊന്നു കരയെന്ന് തരം മാറ്റിക്കിട്ടാനാണ് ഈ കാത്തുനിൽപ്പ്. 2008ന് മുമ്പ് തരം മാറ്റിയ വയല്‍ ഭൂമി , അത് എത്ര തന്നെയായാലും നിശ്ചിത ഫീസ് അടച്ച് തരം മാറ്റാനുളള അനുമതി നിലവിലുണ്ട്. ഭൂമി 25 സെന്‍റില്‍ താഴെയാണെങ്കില്‍ സൗജന്യമായി തരം മാറ്റാനും വ്യവസ്ഥയുണ്ട്. എന്നാല്‍ ദേവരാജനെ പോലുളളവരുടെ ചുവപ്പുനാട കുരുക്കഴിക്കാന്‍ ഈ ഇളവുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

ഈ ഭൂമിയില്‍ 1957മുതല്‍ കെട്ടിടമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. 2016ല്‍ പുതിയ കെട്ടിടം പണിയാനായി ദേവരാജന്‍ പഴയ കെട്ടിടം പൊളിച്ചു. ഈ ഘട്ടത്തില്‍ കെട്ടിട നമ്പര്‍ മറ്റൊന്നായിരുന്നു എന്നതാണ് അപേക്ഷ തളളിയതിന് ആര്‍ഡിഒ ഓഫീസില്‍ നിന്ന് പറയുന്ന ഒരു കാര്യം. രണ്ട് കെട്ടിട നമ്പറും ഒരേ സ്ഥലത്തായിരുന്നു എന്നതിന്‍റെ രേഖ ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നേ പൊളിച്ചുപോയ ഒരു കെട്ടിടത്തിന്‍റെ ഇത്തരം വിവരങ്ങള്‍ തേടി ദേവരാജ് അലഞ്ഞത് നാലു വര്‍ഷമാണ്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ പുതിയ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദ്ദേശം. അതും ചെയ്തപ്പോള്‍ സര്‍വേ നമ്പറിന്‍റെ കാര്യത്തില്‍ വ്യക്ത വരുത്താനുണ്ടെന്നാണ് മറുപടി.

ഏറെ കാലം വിദേശത്തായിരുന്ന ദേവരാജ് ഉയര്‍ന്ന വില കൊടുത്ത് ഈ ഭൂമി വാങ്ങിയത് ഒരു ഹോട്ടല്‍ തുടങ്ങുകയെന്ന സ്വപ്നത്തോടെ ആയിരുന്നു. കാലങ്ങളായി കെട്ടിടം നിലനിന്ന ഈ ഭൂമി കരയാണോ വയലാണോ എന്ന് സംശയത്തില്‍ ഉദ്യോഗസ്ഥ സംഘം ഫയല്‍ തട്ടിക്കളിച്ചതോടെ ദേവരാജന്‍റെ പ്രതീക്ഷകളത്രയും മങ്ങി. തീര്‍ത്തും നിരാശനായി ദേവരാജന്‍ കളക്ടറേറ്റില്‍ നിന്ന് മടങ്ങുമ്പോള്‍ സമയം 1.30 ആയി.