ഭൂപരിഷ്കരണ നിയമത്തിന്‍റെ സുവർണജൂബിലി ആഘോഷത്തിനിടെ സി അച്യുതമേനോന്‍റെ പേര് പറയാതെ 'അന്നത്തെ മുഖ്യമന്ത്രി' എന്ന് മാത്രം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് സിപിഐയെ ചൊടിപ്പിച്ചത്. 

തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുന്ന പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പേര് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ ഒഴിവാക്കിയതിനെതിരെ സിപിഐ. എന്തുകൊണ്ട് സി അച്യുതമേനോനെ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയെന്ന് പരിശോധിക്കാൻ സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെ സിപിഐ ചുമതലപ്പെടുത്തി. 

പ്രസംഗത്തിൽ വിശദമായി ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിനെക്കുറിച്ചും ഇഎംഎസ് മന്ത്രിസഭ ഇതിൽ വഹിച്ച പങ്കിനെക്കുറിച്ചും വിശദമായിത്തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചിരുന്നു. എന്നാൽ 1967-ൽ സി അച്യുതമേനോന്‍റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സപ്തകക്ഷിമന്ത്രിസഭ ബിൽ പാസ്സാക്കുകയും പിന്നീട് 1970-ൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രസംഗത്തിൽ സി അച്യുത മേനോന്‍റെ പേര് പരാമർശിക്കാതെ, 'അന്നത്തെ മുഖ്യമന്ത്രി' എന്ന് മാത്രമെന്ന് പറഞ്ഞതിലാണ് സിപിഐയ്ക്ക് കടുത്ത അതൃപ്തിയുള്ളത്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ മുഖ്യമന്ത്രിയെയാണ് മുഖ്യമന്ത്രി ഒഴിവാക്കിയതെന്ന് സിപിഐ ആരോപിക്കുന്നു.

ഭൂപരിഷ്കരണത്തിൽ ഇഎംഎസിന്‍റെയും എകെജിയുടെയും ഗൗരിയമ്മയുടെയും പങ്ക് പരാമർശിച്ച മുഖ്യമന്ത്രി സി. അച്യുതമേനോന്‍റെ പേര് ഒഴിവാക്കിയത് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ ചൂണ്ടിക്കാട്ടിയതും കല്ലുകടിയായി. 

കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഭൂപരിഷ്കരണം നടപ്പാക്കിയിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അമ്പതാം വാർഷിക ആഘോഷങ്ങൾ നടന്നത്. ഇന്നു വരെ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം ഭൂപരിഷ്കരണമാണെന്ന് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഭൂമിയുടെ അവകാശം കർഷകർക്കും തൊഴിലാളികൾക്കും നൽകി ആധുനിക കേരളത്തിന് രൂപംനൽകിയ നിയമമാണ് ഭൂപരിഷ്കരണ നിയമം. രാജ്യത്തിന് തന്നെ മാതൃകയായ സാമൂഹികമുന്നേറ്റം. ഭൂമിയുടെ കൈവശവകാശ പരിധി നിജപ്പെടുത്തി, കർഷകന് പാട്ടഭൂമിയിൽ സ്ഥിരാവകാശം നൽകി കേരളത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ പൊളിച്ചെഴുതിയ ഇടപെടലായിരുന്നു അത്.