ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും തോട്ടം ഉടമയ്ക്കും രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകും

ഇടുക്കി: കുമളിയിൽ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാൻ മിച്ചഭൂമി കേസ് ആരംഭിക്കാൻ അനുമതി നൽകി. ലാൻഡ് റവന്യൂ കമ്മീഷണർ ടി വിഅനുപമയാണ് അനുമതി നൽകി ഉത്തരവിറക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി

കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി ഇളവ് നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുട‍‍ന്ന് മിച്ചഭൂമി തിരിച്ചു പിടിക്കാൻ സീലിഗ് കേസ് ആരംഭിക്കാൻ അനുമതി തേടി ജില്ല കളക്ടർ ലാൻറ് ബോർഡ് സെക്രട്ടറിക്ക് കത്തു നൽകി. ഈ കത്തിൻറെ അടിസ്ഥാനത്തിലാണ് ലാൻറ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. പീരുമേട് താലൂക്ക് ലാൻറ് ബോർഡ് ചെയർമാനാണ് തുടർ നടപടി സ്വീകരിക്കാൻ ഉത്തരവ് നൽകിയത്. 

ഇതനുസരിച്ച് താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ മൂന്നാർ സ്പെഷ്യൽ ലാൻഡ് അസൈൻമെൻറ് ഡെപ്യൂട്ടി കളക്ടർ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും തോട്ടം ഉടമയ്ക്കും രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകും. തോട്ടം മുറിച്ചു വിറ്റതായി കണ്ടെത്തിയാൽ മിച്ചഭൂമിയായി സ്ഥലം ഏറ്റെടുക്കും. 78 ലാണ് ഈ സ്ഥലം മിച്ചഭൂമി ഇളവ് നേടിയത്. 50 ഏക്കറോളം വരുന്ന സ്ഥലം 40 പേരുടെ കൈവശമാണ് ഇപ്പോഴുള്ളതെന്നും കളക്ടർ നിയോഗിച്ച സംഘം കണ്ടെത്തിയിരുന്നു. 

2006 നു ശേഷമാണ് കൈമാറ്റം നടന്നതെങ്കിൽ ഭൂമി റവന്യൂ വകുപ്പിന് ഏറ്റെടുക്കാനാകും. മറ്റൊരു ഭാഗത്ത് തോട്ടത്തിലെ 10 ശമാനം ഭൂമി ടൂറിസം ആവശ്യത്തിനായി വിനിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അനധികൃതമായി മുറിച്ചു വിറ്റ തോട്ടത്തിൽ നിന്നും അഞ്ചേക്കർ സ്ഥലം കുമളി പഞ്ചായത്തും വാങ്ങിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങൾ അടക്കം ഇടനില നിന്നാണ് തോട്ടം ഭൂമി മുറിച്ചു വിറ്റത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്

കുമളിയിൽ തോട്ടഭൂമി വില്‍ക്കുന്നു,നിയമ വിരുദ്ധ കച്ചവടത്തിൽ പങ്കാളിയായി പഞ്ചായത്തും,റവന്യുവകുപ്പിന്‍റെ അനാസ്ഥ