കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആർഡിഒ സ്ഥലത്തെത്തി ചർച്ച നടത്തി. എൻഎച്ച് ഐ പ്രൊജക്റ്റ് മാനേജറും പരിശോധനയ്ക്കായുളള വിദഗ്ധ സംഘവും സ്ഥലത്ത് ഉടൻ എത്തുമെന്ന് ഉറപ്പിന്മേൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.


വീടുകള്‍ക്കുണ്ടായ നഷ്ടപരിഹാരം നിര്‍മ്മാണ കമ്പനിയിൽ നിന്ന് ഈടാക്കും

ദേശീയ പാത അതോറിറ്റി അധികൃതരും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയില്‍ പ്രശ്ന പരിഹാരം ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. വീടുകളിലേക്ക് വെള്ളവും ചെളിയും തടയാൻ ഡ്രെയ്നേജ് സംവിധാനം ഒരുക്കും. നഷ്ടപരിഹാരം നിർമാണ കമ്പനിയിൽ നിന്ന് ഈടാക്കാൻ നടപടിയെടുക്കും. ഈ മാസം 27നകം നടപടികൾ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകി. മണ്ണിടിച്ചിൽ പഠിക്കാൻ വിദഗ്ധ സംഘമെത്തും.വീടുകൾക്ക് ഉണ്ടായ നഷ്ടപരിഹാരം നിർമ്മാണ കമ്പനിയിൽ നിന്നും ഈടാക്കും. ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. 


YouTube video player

YouTube video player