ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകിന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

മൂന്നാർ: വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ രീതിയിൽ ഉരുൾപ്പൊട്ടി മരങ്ങളും വലിയ പാറക്കലടക്കം റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്.ഇതുവഴിയുള്ള ഗാതഗതം ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകിന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഈ മേഖലയിൽ ആൾ താമസമില്ലാത്തത് വലിയ ദുരന്തം ഒഴിവായി എന്നു വേണം പറയാൻ. കഴിഞ്ഞ ദിവസവും വട്ടവട മേഖലയിൽ കൃഷി ഭൂമിയടക്കം ഇടിഞ്ഞ് താണിരുന്നു.

ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറ പണ്ടാരപ്പടിയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഒരു വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി.അർധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ഉരുൾപൊട്ടലിനെ തുടർന്ന് തടസ്സപ്പെട്ട വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.

 കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ മഴയും കാറ്റും; വ്യാപകനഷ്ടം

കോഴിക്കോട്: വിലങ്ങാട് മേഖലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായി. തിനൂര്‍ വില്ലേജില്‍ ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം ഉണ്ടായി. മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകര്‍ന്നു. വിലങ്ങാട് പാലത്തില്‍ മലവെള്ളപ്പാച്ചിലും ഉണ്ടായി.

വിലങ്ങാട് മേഖലയിലാണ് ശക്തമായ കാറ്റും മഴയും നാശനഷ്ടം ഉണ്ടാക്കിയത്. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. വിലങ്ങാട് അങ്ങാടിക്ക് സമീപം പാലം കുത്തൊഴുക്കില്‍ മുങ്ങി. പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. തിനൂരിലാണ് രാവിലെ ഏഴരയോടെ ശക്താമായ കാറ്റ് വീശിയത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. രണ്ട് വീടുകള്‍ക്ക് മുകളില്‍ മരം വീണ് കേടുപറ്റി. അപകടങ്ങളിൽ ആളപായമില്ല. റോഡുകളില്‍ മരം വീണ് ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകള്‍ക്ക് മുകളിലും മരം വീണു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. 

ശക്തമായ കാറ്റില്‍ തെങ്ങ് ,കവുങ്ങ് ,ജാതി തുടങ്ങിയവ വ്യാപകമായി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ജില്ലയിലെ മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. കാര്യമായ മഴയും മറ്റ് പ്രശ്നങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.