ഇരിട്ടി: മഴ മാറി വെള്ളമിറങ്ങിയപ്പോൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ് കണ്ണൂർ ഇരിട്ടിയിലെ മലയോര പ്രദേശങ്ങൾ. ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകളാണ് തകർന്നത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന് പുനർനിർമ്മിച്ച വീടുകളും മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. മണ്ണിടിച്ചിലിൽ വീടിന് സാരമായ കേടുപാടുകൾ പറ്റിയതിനെ തുടർന്ന് നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് കോളിക്കടവിലെ രാമകൃഷ്ണനും കുടുംബവും.

ബുധനാഴ്ച മുതൽ മഴ നിർത്താതെ പെയ്യുകയാണ്. ഇതേത്തുടർന്ന് വീടിന് പുറകുവശത്തുള്ള കുന്ന് ചെറുതായി ഇടിയാന്‍ തുടങ്ങി. പിറ്റേന്ന് മഴ ശക്തമായതിനെ തുടർന്ന് കുടുംബ വീട്ടിലേക്ക് മാറി താമസിച്ചു. മഴ കുറഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുന്നിടിഞ്ഞ് മണ്ണ് പൂർണ്ണമായും വീടിന് മുകളിലേക്ക് വീണതായി കണ്ടതെന്ന് രാമകൃഷ്ണന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇനി വീട്ടിൽ താമസിക്കാൻ കഴിയില്ല. കഴിഞ്ഞ പ്രളയത്തെ തുടർന്ന് മണ്ണി‍ടിഞ്ഞിരുന്നെങ്കിലും ഇത്ര ഭീകരമായിരുന്നില്ല. മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ചുമരുകൾപ്പൊട്ടി വെള്ളം വീട്ടിലേക്ക് ഒലിച്ചു‌കയറുകയാണ്. പില്ലറോക്കെ ഉപയോ​ഗിച്ച് വീടിന് പുറകെ മതിൽ കെട്ടിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു.

"

നിലവിൽ മഴ കുറഞ്ഞെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് ആളുകൾക്ക് വാസസ്ഥലം നഷ്ടമാകുകയാണ്. പഴയ ക്വാറികളിൽ നിന്നുള്ള വെള്ളം പൊട്ടിയൊഴുകി പ്രദേേശത്തെ കിണറുകൾ നികന്നുപോകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്.