എന്നാലും ഇത്തവണ കലോത്സവം ഇല്ലായിരുന്നെങ്കിൽ ഹൈസ്കൂളിലെ അവസരം തന്നെ മിസ്സായേനെ എന്നാണ് പത്താം ക്ലാസുകാർ പറയുന്നത്. ഭയങ്കര എക്സൈറ്റഡാണ് എന്നാണ് വിദ്യാർത്ഥികളിൽ പലരുടെയും പ്രതികരണം.
കൊവിഡ് കവർന്നുപോയ പലതിന്റെയും കൂട്ടത്തിൽ സ്കൂൾ കലോത്സവങ്ങളും ഉണ്ടായിരുന്നു. വിദ്യാർത്ഥികളെയും കലാസ്വാദകരെയും സംബന്ധിച്ച് വലിയ നഷ്ടം. എന്നാൽ, കൊവിഡിന് ശേഷം ഒരു ഗംഭീരൻ കലോത്സവം 2023 -ന്റെ തുടക്കത്തിൽ തന്നെ എത്തിയിരിക്കുകയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആവേശത്തിൽ. എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാവുന്നത്. മത്സരത്തിന്റെ ചൂടിനിടയിലും വിദ്യാർത്ഥികൾ ആവേശത്തിലാണ്.
സമയം പാതിരാത്രിയാവാറായി. എന്നാലും, വിദ്യാർത്ഥികൾ ഇപ്പോഴും പരിശീലനത്തിൽ തന്നെ. പ്രൊവിഡൻസ് ഹൈസ്കൂളിൽ താമസിക്കുന്ന കൊല്ലം പട്ടത്താനത്തെ വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ദേശഭക്തിഗാനത്തിന്റെയും ഒപ്പനയുടെയും പരിശീലനത്തിലാണ്. എങ്ങനെയും ഒന്നാമതെത്തുമെന്നാണ് ഇവർ കട്ടായം പറയുന്നത്. ഇതിൽ പല വിദ്യാർത്ഥികളും നേരത്തെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ യുപി സ്കൂളുകാരായിരുന്നു. എന്നാൽ, കൊവിഡിന് ശേഷം വന്ന ഈ കലോത്സവത്തിൽ പങ്കെടുക്കുമ്പോഴേക്കും പലരും ഹൈസ്കൂളുകാരായി.
വീഡിയോ കാണാം:

എന്നാലും ഇത്തവണ കലോത്സവം ഇല്ലായിരുന്നെങ്കിൽ ഹൈസ്കൂളിലെ അവസരം തന്നെ മിസ്സായേനെ എന്നാണ് പത്താം ക്ലാസുകാർ പറയുന്നത്. ഭയങ്കര എക്സൈറ്റഡാണ് എന്നാണ് വിദ്യാർത്ഥികളിൽ പലരുടെയും പ്രതികരണം. സാരംഗി പത്താം ക്ലാസിലാണ്. മത്സരിക്കുന്നത് ലളിതഗാനത്തിന്. ഇത്തവണ ഇങ്ങനെ ഒരു കലോത്സവമുണ്ടായതിലും മത്സരിക്കാനായതിലും ഭയങ്കര സന്തോഷം എന്നാണ് സാരംഗി പറയുന്നത്. അതുകൊണ്ട് തന്നെ ടെൻഷനൊക്കെയും മാറ്റിവച്ച് ആവേശത്തിലാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്നും സാരംഗി സമ്മതിച്ചു. അധ്യാപികയായ ജോസഫൈനും രക്ഷിതാക്കളും കുട്ടികളെ പോലെ തന്നെ ആവേശത്തിലാണ്.
ഉറക്കം വരാതെയിരിക്കുകയാണ് വേദിയുണരുന്നതും കാത്ത് വിദ്യാർത്ഥികൾ. വിദ്യാർത്ഥിജീവിതത്തിലെ സന്തോഷങ്ങളെ ചേർത്തു വച്ച് നോക്കുമ്പോൾ നിറമുള്ളൊരു കാലത്തെ കൂടി സൃഷ്ടിച്ചെടുക്കുകയാണവർ. ആദ്യമായി കോഴിക്കോട് വരുന്നതിന്റെയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്റെയും ഒക്കെ ആവേശത്തിൽ രാത്രിയെ പകലാക്കി അവർ അവസാനവട്ട ഒരുക്കത്തിലാണ്.
മത്സരം നടക്കുന്നത് 24 വേദികളിൽ, ഉദ്ഘാടനം ക്യാപ്റ്റൻ വിക്രം മൈതാനിയിൽ
24 വേദികളിലായിട്ടാണ് മൂന്ന് മുതൽ ഏഴ് വരെ മത്സരം നടക്കുന്നത്. വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയാണ് വേദി ഒന്ന് അതിരാണിപ്പാടം. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടവും സംഘനൃത്തവും. സംസ്കൃതം നാടകം, ഭരതനാട്യം, മാർഗംകളി, കുച്ചുപ്പുഡി, വട്ടപ്പാട്ട്, കോൽക്കളി, ദഫ്മുട്ട്, മോണോ ആക്ട്, പഞ്ചവാദ്യം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, അറബിഗാനം, മോണോ ആക്ട്, വിവിധ രചനാമത്സരങ്ങൾ തുടങ്ങിയവയെല്ലാം നാളെ വിവിധ വേദികളിലായി നടക്കും.
