കൊച്ചി: എറണാകുളം ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗി അൽപസമയത്തിനകം ആശുപത്രി വിടും. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വൈകുന്നേരം നാല് മണിക്ക് ഇയാളെ ഡിസ്ചാർജ് ചെയ്യുമെന്ന് ഡിഎംഒ അറിയിച്ചു. 

എറണാകുളം ജില്ലയിൽ ഇനി 714 പേരാണ് നിരീക്ഷണത്തിൽ ബാക്കിയുള്ളത്. ഇതിൽ 16 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തുടർച്ചയായി പതിനാല് ദിവസം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് എറണാകുളത്തെ നേരത്തെ ഓറഞ്ച് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റിയിരുന്നു.

അതേസമയം  ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ചെന്ന് കരുതി  എറണാകുളം ജില്ലയില് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.  ഗ്രീന്‍ സോണായി പ്രഖ്യാപിച്ച ശേഷം രണ്ടു ജില്ലകളെ റെഡ് സോണുകളാക്കേണ്ടി വന്ന പാഠം നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം മുന്നറയിപ്പ് നല്കി

മെയ്ദിനത്തോട് അനുബന്ധിച്ച് സിപിഐ  5000 സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ആലുവയില്‍ നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി എസ് സുനില്‍കുമാര്‍
ജില്ലയിലെ 16 അതിര്‍ത്തി റോഡുകളില്‍ ട്രക്ക് ഡ്രൈവര്‍മാരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു