തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് വിട. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ എം ജെ രാധാകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമെത്തി. 

ക്യാമറയിൽ കാലാതീതമായ ഫ്രെയിമുകൾ ബാക്കിയാക്കിയാണ് എം ജെ രാധാകൃഷ്ണൻ ഓർമ്മയാകുന്നത്. പട്ടത്തെ വീട്ടിൽ നിന്നും ഉച്ചയ്ക്ക് 12.30-ഓടെയാണ് മൃതദേഹം വഴുതക്കാ‍ട് കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിനെത്തിച്ചത്. മന്ത്രി എ കെ ബാലൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ പ്രൗഢമായ യാത്രയയപ്പ്.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴ് തവണ സ്വന്തമാക്കിയ അദ്ദേഹം മൂന്ന് പതിറ്റാണ്ട് നീണ്ട സാർത്ഥകമായ ചലച്ചിത്രജീവിതത്തിനൊടുവിലാണ് യാത്രയാകുന്നത്.