കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തലമുണ്ഡന പ്രതിഷേധം എ കെ ആൻ്റണിയുടെയും മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും അറിവോടെയായിരുന്നുവെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് . വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് പ്രതിഷേധിച്ചതെന്നും ലതിക സുഭാഷ്

ദില്ലി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തലമുണ്ഡനം ചെയ്തത് എ കെ ആൻ്റണിയുടെയും മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും അറിവോടെയെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തെ കുറിച്ച് ദിവസങ്ങൾക്ക് മുൻപേ ഇരുവരെയും അറിയിച്ചിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. താൻ ഉൾപ്പെടെയുള്ള വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലതികയുടെ നാടകീയ പ്രതിഷേധം. പാർട്ടി പ്രവർത്തകരുടെ ദു:ഖം കണ്ടപ്പോൾ ചെയ്തതിൽ വേദന തോന്നി. കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിലും ഏറ്റുമാനൂർ തനിക്ക് തരില്ലായിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

"എന്‍റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയുള്ള പ്രതിഷേധം ആയിരുന്നില്ല അത്. അപ്രതീക്ഷിതമായി കെപിസിസി ഓഫീസിന്‍റെ മുൻപിൽ ചെന്ന് കോണ്‍ഗ്രസിനെ അപമാനിക്കാൻ ചെയ്തതും അല്ല. അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടും മുതിർന്ന നേതാവ് എ കെ ആന്‍റണിയോടും ഫോണിൽ വിളിച്ചു പറഞ്ഞു, ഇങ്ങനെയൊരു പ്രതിഷേധം നടത്തുമെന്ന്. പാർട്ടി പ്രവർത്തകർ വിളിച്ച് അന്ന് അങ്ങനെ ചെയ്തതിൽ വിഷമം പറഞ്ഞപ്പോൾ വേദന തോന്നിയിട്ടുണ്ട്. ആ പ്രതിഷേധം ഒഴിവാക്കാൻ എന്നെ അറിയുന്ന നേതൃത്വം എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന നൊമ്പരവും തോന്നിയിട്ടുണ്ട്"- ലതിക സുഭാഷ് പറഞ്ഞു. എൻസിപിയിൽ തുടരുന്നത് സ്ഥാന മോഹങ്ങളില്ലാതെയാണ്. രാഷ്ട്രീയഭാവി എന്താകുമെന്ന് ആലോചിക്കുന്നില്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി.