തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് സർക്കുലർ വായിച്ചത്. 14ന് ആരംഭിക്കുന്ന ബഹുജന മാർച്ചിൽ സഭാ അംഗങ്ങൾ പങ്കാളികളാകണം എന്ന് ആഹ്വാനം 

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് സർക്കുലർ വായിച്ചത്. 14ന് ആരംഭിക്കുന്ന ബഹുജന മാർച്ചിൽ സഭാ അംഗങ്ങൾ പങ്കാളികളാകണം എന്ന് സർക്കുലറിൽ ആഹ്വാനം ചെയ്യും. വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരം ഇന്ന് ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്നു.

വിഴിഞ്ഞം സമരവേദിയിലേക്ക് രാഹുലിനെ എത്തിക്കാൻ നീക്കം: സിപിഐയുടെ പിന്തുണ തേടി ലത്തീൻ സഭ

ഇതിനിടെ, ഭാരത് ജോഡ് യാത്രയ്ക്കായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ വിഴിഞ്ഞത്ത് എത്തിക്കാൻ ലത്തീൻ അതിരൂപത നീക്കം തുടങ്ങി. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ സമരസമിതി നേതാക്കൾ കെ.സുധാകരനെയും വി.ഡി. സതീശനെയും കണ്ടു. എന്നാൽ രാഹുൽ ഗാന്ധിയെ, യാത്രയ്ക്കിടെ സമരസ്ഥലത്തേക്ക് എത്തിക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. സിപിഐയുടെ പിന്തുണയും സമരക്കാർ തേടിയിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സമരക്കാർ കണ്ടു. ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കാനം സംഘത്തെ അറിയിച്ചു.

വിഴിഞ്ഞം സമരം: പിന്തുണയുമായി കെസിബിസി, ഈ മാസം 14 മുതൽ 18 വരെ ബഹുജന മാർച്ച്

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്. കെസിബിസിയുടെ നേതൃത്വത്തിൽ ഈ മാസം 14 മുതൽ 18 വരെ മൂലമ്പള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കെസിബിസി അധ്യക്ഷൻ കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.